ജി.എസ്.ടി വെട്ടിപ്പ്; ഓയോക്കും സ്ഥാപകൻ റിതേഷ് അഗർവാളിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
text_fieldsജയ്‌പുർ: യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. ഏകദേശം 2.66 കോടി രൂപയുടെ ജി.എസ്.ടി വെട്ടിച്ചതിനെ തുടർന്ന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയ്‌പുരിൽ പ്രവർത്തിക്കുന്ന ഓയോയുടെ സ്ഥാപനമായ 'സംസ്കാര' എന്ന ഹോട്ടലിനാണ് ജി.എസ്.ടി വകുപ്പ് നോട്ടീസ് അയച്ചത്.
ജയ്‌പുരിലെ അശോക് നഗർ പോലീസ് സ്റ്റേഷനിൽ 'സംസ്കാര' എന്ന റിസോർട്ടിനെതിരെ മദൻ ജെയിൻ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വാർഷിക വിറ്റുവരവ് പെരുപ്പിച്ചതായി കാണിക്കാൻ, സംസ്കാര റിസോർട്ടിന്റെ പേരിൽ ആയിരക്കണക്കിന് വ്യാജ ബുക്കിങ്ങുകൾ കാണിച്ചിരുന്നു എന്ന് ജെയിൻ എഫ്.ഐ.ആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം, വ്യാജരേഖ നിർമ്മാണം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഓയോ സ്ഥാപകനും സി.ഇ.ഓയുമായ റിതേഷ് അഗർവാൾ, മറ്റ് നിരവധി പേർ എന്നിവരുടെ പേരിൽ ജെയിൻ പരാതി നൽകിയത്. 2019 ഏപ്രിൽ 18ന് സംസ്‌കാരയും ഒയോയും തമ്മിൽ 12 മാസത്തേക്ക് കരാർ ഒപ്പിട്ടെങ്കിലും, 2018-19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ സംസ്‌കാരയിലെ ബുക്കിങ്ങുകളും ഒയോ കാണിച്ചിട്ടുണ്ടെന്ന് ജെയിൻ പറഞ്ഞു.
2019 ഏപ്രിൽ 18നും 2020 ഏപ്രിൽ 20നും ഇടയിൽ ഓയോ സംസ്‌കാരക്ക് 10.95 ലക്ഷം രൂപയുടെ ബിസിനസ്സ് നൽകിയതായും, അതുവഴി ഹോട്ടൽ ജി.എസ്.ടി അടച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. പിന്നീട് അങ്ങോട്ട് ഓയോ, സംസ്കാരയിൽ 22.22 കോടി രൂപയുടെ ബിസിനസ്സ് കാണിച്ചതായി ജെയിൻ ആരോപിച്ചു.
ബില്ലുകൾ പെരുപ്പിച്ച് കാണിച്ചതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 20 ഹോട്ടലുകൾക്ക് ജി.എസ്.ടി നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ഫെഡറേഷൻ ഓഫ് രാജസ്ഥാൻ പ്രസിഡന്റ് ഹുസൈൻ ഖാൻ പറഞ്ഞു. ഓയോ നടത്തുന്ന ഹോട്ടലുകൾക്കെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നു. ബുക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷം ഹോട്ടലുകളിൽ ചെന്നാൽ റൂമുകൾ ലഭ്യമാകാതിരുന്ന മോശം അവസ്ഥയും ജനങ്ങൾ പരാതിപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.