ശുഭാൻഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ സന്ദർശനത്തിനു ശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ എത്തിയ ശുക്ലയെ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ എന്നിവർ സ്വീകരിച്ചു. ശുക്ലയുടെ പകരക്കാരനായ ബഹിരാകാശയാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും മടങ്ങിയെത്തി. കഴിഞ്ഞ ഒരു വർഷമായി ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം -4 ദൗത്യത്തിനായി യു.എസിൽ പരിശീലനത്തിലായിരുന്നു ശുക്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ശുക്ല ജന്മനാടായ ലഖ്നോവിലേക്ക് പോകും. ആഗസ്റ്റ് 22, 23 തീയതികളിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം ഡൽഹിയിലെത്തും. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ശുക്ലയും പ്രശാന്ത് നായരും പങ്കെടുത്തിരുന്നു.
ജൂൺ 25ന് ഫ്ലോറിഡയിൽ നിന്ന് പറന്നുയർന്ന് അടുത്ത ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആക്സിയം-4 സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിരുന്നു ശുക്ല. ജൂലൈ 15ന് അദ്ദേഹം ഭൂമിയിലേക്ക് മടങ്ങി. പെഗ്ഗി വിറ്റ്സൺ (യു.എസ്), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നീ മൂന്ന് ബഹിരാകാശയാത്രികർക്കൊപ്പം ശുക്ല 18 ദിവസത്തെ ദൗത്യത്തിൽ 60 ലധികം പരീക്ഷണങ്ങളും 20 ഔട്ട്റീച്ച് സെഷനുകളും നടത്തി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ സന്ദർശന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശുഭാൻഷു ശുക്ലയെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

