വിവാഹ വേദിയിൽ വരന് കുത്തേറ്റു; അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ കാമറ -വീഡിയോ
text_fieldsപ്രതി രക്ഷപ്പെടുന്ന ദൃശ്യം
അമരാവതി: കല്യാണ വീട്ടിൽ ഡ്രോൺ കാമറ വലിയൊരു അക്രമത്തിന്റെ തെളിവായി മാറിയതിന്റെ ആശ്വാസത്തിലാണ് മഹാരാഷ്ട്രയിലെ അമരാവതി ബദ്നേര പൊലീസ്.
ഒരു വിവാഹ വീട്ടിലുണ്ടായ തർക്കത്തിനിടെ അക്രമി, വരനെ കുത്തിപരിക്കേൽപിച്ച് രക്ഷപ്പെട്ടപ്പോൾ ഡ്രോൺ കാമറയും പിന്നാലെ പറന്നു. വിവാഹ വേദിയിൽ നിന്നും ഇറങ്ങിയോടി, ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ നഗരത്തിലൂടെ കുതിച്ചു പാഞ്ഞപ്പോൾ രണ്ട് കിലോമീറ്റർ ദൂരമാണ് ഡ്രോൺ കാമറയും പിന്തുടർന്നത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു അമരാവതിയിലെ ബദ്നേര സഹിൽ ലോണിൽ വിവാഹ പാർട്ടി നടന്നത്. വിരുന്നിനിടെ ഡി.ജെ പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ അക്രമി വരൻ സുജൽ റാം സമുദ്രയെ അക്രമിച്ചു. കത്തിയുപയോഗിച്ച് നടത്തിയ അക്രമത്തിൽ വരന്റെ തുടക്കും മുട്ടിനും പരിക്കേറ്റു. വരന്റെ പിതാവിനും പരിക്കേറ്റു. അക്രമിയെ പിടികൂടാനായി ബന്ധുക്കൾ ശ്രമിച്ചെങ്കിലും കത്തി വീശി രക്ഷപ്പെടുകയായിരുന്നു. വിവാഹ വേദിക്ക് പുറത്തേക്ക് ഓടിയ അക്രമികൾ പുറത്ത് നിർത്തിയട്ട ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു.
ബന്ധുക്കൾ പിന്നാലെ ഓടിയെങ്കിലും അവരെയും തട്ടിയിട്ടായിരുന്നു പ്രതികൾ അതിവേഗം കുതിച്ചത്. എന്നാൽ, സംഘർഷ കാമറമാൻ സമയത്ത് സമചിത്തതയോടെ ജോലി ചെയ്തത് അക്രമിയെ തിരിച്ചറിയുന്നതിനും പൊലീസ് നടപടി എളുപ്പമാക്കുന്നതിനും സഹായിച്ചു. വിവാദ വേദി മുതൽ അക്രമികളെ ഡ്രോൺ കാമറ പിന്തുടർന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും, നഗരത്തിലേ റോഡിലേക്ക് പ്രവേശിച്ച് ഓടിച്ച് പോവുന്നതുമെല്ലാം കൃത്യമായി തന്നെ പകർത്തി. രണ്ട് കിലോമീറ്ററോളം പറന്ന്, കാഴ്ചയിൽ നിന്നും മായുന്നത് വരെയുള്ള ദൃശ്യങ്ങളും ഒപ്പിയെടുത്തു.
പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ വീഡിയോ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
ഡ്രോൺ ഓപറേറ്ററുടെ ജാഗ്രത അന്വേഷണത്തിൽ നിർണായകമായതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ ചൗഹാൻ പ്രതികരിച്ചു. പ്രതിയെ തിരിച്ചറിയാനും അവർ രക്ഷപ്പെട്ട വഴി കണ്ടെത്താനും വീഡിയോ സഹായിച്ചുവെന്നും പൊലീസ് പറഞ്ഞു. ബദ്നേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരിക്കേറ്റ വരനെയും പിതാവിനെയും അമരാവതിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

