ഗ്രേറ്റ് നിക്കോബാർ പദ്ധതി: രാഹുലിന്റേത് ചൈനീസ് താൽപര്യം -ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഗ്രേറ്റ് നിക്കോബാർ പദ്ധതിയെ എതിർക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ നിലപാടുകൾ ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും ഇത് രാജ്യദ്രോഹപരമായ നിലപാടാണെന്നും ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഗ്രേറ്റ് നിക്കോബാർ ദ്വീപ് സന്ദർശിച്ച രാഹുൽ ഗാന്ധി, കേന്ദ്രത്തിന്റെ വികസന പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇത് വികസനത്തിന്റെ പേരിൽ നടത്തുന്ന ഏറ്റവും വലിയ അഴിമതിയാണെന്നും പ്രകൃതിയോടും ഗോത്രവർഗ പൈതൃകത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം ആരോപിച്ചു. അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് വനം നശിപ്പിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ട് ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ രംഗത്തെത്തി.
ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വാധീനത്തെ വെല്ലുവിളിക്കുന്നതാണ് ഈ പദ്ധതി. അതിനാൽ ഇത് തടയുന്നത് ചൈനയെ സഹായിക്കാനാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഗോത്രവർഗക്കാരെ രാഹുൽ ഗാന്ധി പരിചയാക്കുകയാണെന്നും എന്നാൽ വികസനം നടക്കുന്നത് വളരെ ചെറിയ പ്രദേശത്താണെന്നും ബാക്കി പ്രദേശം സുരക്ഷിതമാണ്. പ്രാദേശിക ഗോത്രസമൂഹം പദ്ധതിക്ക് എൻ.ഒ.സി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
92,000 കോടി രൂപയുടെ ഈ പദ്ധതി വെറുമൊരു തുറമുഖം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ സുരക്ഷ കൂടിയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സാമ്പത്തിക-സുരക്ഷാ സ്വാധീനം ഉറപ്പിക്കാൻ ഈ ട്രാൻസ്ഷിപ്‌മെന്റ് പോർട്ട് അത്യാവശ്യമാണെന്നാണ് സർക്കാർ പറയുന്നത്. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള വലിയൊരു സംവാദത്തിനാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

