Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മാവോയിസ്റ്റ് പുസ്തകങ്ങൾ കൈവശം വെക്കുന്നത് രാജ്യദ്രോഹമല്ല'; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും മുദ്രാവാക്യം വിളിച്ച ടിസ്സ് വിദ്യാർഥിക്ക് ജാമ്യം

text_fields
bookmark_border
mumbai-court-grants-bail-tiss-studeny
cancel

മുംബൈ: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പസിൽ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) വിദ്യാർത്ഥി അഭിരൂപ് അഷിം പോളിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ഫോണിൽ മാവോയിസ്റ്റ് പുസ്തകങ്ങളുടെ പി.ഡി.എഫ് പകർപ്പുകൾ കണ്ടെത്തിയെന്നതുകൊണ്ട് മാത്രം ഒരാൾക്ക് മാവോയിസ്റ്റ് ചിന്താഗതിയുണ്ടെന്നോ നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നോ അനുമാനിക്കാൻ കഴിയില്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദത്താത്രേയ ശങ്കർറാവു ഖേഡേക്കർ വ്യക്തമാക്കി.

കേവലം സംശയത്തിന്റെ പേരിൽ ഒരു ചെറുപ്പക്കാരനെ ജയിലിലിടുന്നത് അയാളുടെ ഭാവിയെ ബാധിക്കുമെന്നും അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധിത സംഘടനകളുമായോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായോ പ്രതിയെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ല. മതിയായ കസ്റ്റഡി ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് വിദ്യാർഥിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള താൽക്കാലിക ക്യാഷ് സെക്യൂരിറ്റിയിലുമാണ് ജാമ്യം.

2025 ഒക്ടോബർ 12-ന് അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസർ ജി.എൻ. സായിബാബയുടെ അനുസ്മരണാർത്ഥം ടിസ്സ് കാമ്പസിൽ അനുമതിയില്ലാതെ വിദ്യാർഥികൾ ഒത്തുകൂടിയതുമായി ബന്ധപ്പെട്ട് രജിസ്ട്രാർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചടങ്ങിൽ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു പ്രധാന ആരോപണം. തുടർന്ന് സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ആഗസ്റ്റ് 7-നാണ് പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം (പി.എസ്.എഫ്) പ്രവർത്തകൻ കൂടിയായ അഭിരൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഭിരൂപിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നും സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള പൊലീസ് വാദങ്ങളെ മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞു. അനുസ്മരണ യോഗത്തിൽ പങ്കെടുത്തതിനാലോ മുദ്രാവാക്യം വിളിച്ചതിനാലോ മാത്രം ക്രിമിനൽ കുറ്റം നിലനിൽക്കില്ല. കൂടാതെ, നിരോധിത ശൃംഖലയെ സഹായിക്കാനായി അഭിരൂപ് സോഷ്യൽ മീഡിയ ഉപയോഗിച്ചതായി തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതേ കേസിൽ സമാന സാഹചര്യത്തിൽ മറ്റൊരു പ്രതിയായ കാമാഖ്യ ദാസിന് ബോംബെ ഹൈകോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയ കാര്യവും മജിസ്‌ട്രേറ്റ് ഉത്തരവിൽ അടിവരയിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maoist PDFs, Slogans for Umar Khalid Not Anti-National: Mumbai Court Grants Bail to TISS Student
Next Story