ഗ്രഹാം സ്റ്റെയിൻസ് വധം: ധാരാസിങ്ങിന്റെ മോചനത്തെ എതിർത്ത് സി.പി.എമ്മും സി.പി.ഐയും
text_fieldsഭുവനേശ്വർ: ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പ്രായപൂർത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രവീന്ദ്രപാൽ എന്ന ധാരാസിങ്ങിനെ ജയിൽ മോചിതനാക്കുന്നതിനുള്ള നീക്കം ഒഡിഷയിലെ സി.പി.ഐയും സി.പി.എമ്മും എതിർത്തു. ശിക്ഷാ ഇളവ് ഹരജി തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോടും സംസ്ഥാന സർക്കാറിനോടും ഇരുപാർട്ടികളും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
24 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുന്നുവെന്നും സ്വയം തിരുത്താനും സമൂഹത്തെ സേവിക്കാനും അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് 63കാരനായ ധാരാസിങ് കോടതിയെ സമീപിച്ചത്. തുടർന്ന് ഹരജിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ഒഡിഷ സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ആഗസ്റ്റ് 19ന് കേസ് വാദം കേൾക്കാനായി കോടതി മാറ്റിയിട്ടുണ്ട്.
വർഗീയ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയോട് കാണിക്കുന്ന ഉദാരത നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നുമാണ് ഇടതുപാർട്ടികളുടെ അഭിപ്രായം. ധാരാസിങ്ങിന്റെ മോചനം ഉറപ്പാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള ഒഡിഷ സർക്കാറിന്റെ നീക്കം നിയമവാഴ്ചയെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനത്തെ മതസൗഹാർദത്തിന് ഭീഷണി ഉയർത്തുമെന്നും സി.പി.എമ്മും സി.പി.ഐയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

