ഗ്രഹാം സ്റ്റെയിൻസ് വധക്കേസ്: ധാരാ സിങ്ങിന്‍റെ മോചന അപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് ചെറിയ മക്കളെയും കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന രവീന്ദ്രപാൽ എന്ന ധാരാ സിങ്ങിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡിഷ സർക്കാർ തള്ളി. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കേസിൽ ജീവപര്യന്തം തടവാണ് ധാരാ സിങ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ശിക്ഷാ ഇളവ് ഹരജിയിൽ തീരുമാനം വൈകിച്ചതിന് സുപ്രീം കോടതി ഇതിനുമുമ്പ് ഒഡിഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഹരജിയിൽ തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാത്തതിനെ തുടർന്നായിരുന്നു കോടതിയുടെ വിമർശനം. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്.
ശിക്ഷാ ഇളവ് തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് സിങ്ങിന്റെ അഭിഭാഷകന് കൈമാറി.അനുയോജ്യമായ ഭേദഗതി അപേക്ഷ സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയം ഹരജിക്കാരൻ ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. തുടർന്ന് കേസ് മൂന്ന് ആഴ്ചത്തേക്ക് മാറ്റിവെച്ചു.
63കാരനായ ധാരാ സിങ് 25 വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുകയാണ്. 24 വർഷത്തിലേറെ ജയിൽവാസം പൂർത്തിയാക്കിയെന്നും ‘യൗവനകാലത്തെ ആവേശത്തിൽ’ ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകാല മോചനം ആവശ്യപ്പെട്ട് അദ്ദേഹം 2024ൽ സുപ്രീം കോടതിയെ സമീപിച്ചത്.
1999 ജനുവരി 22, 23 തീയതികളിലെ രാത്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും 11 വയസ്സുകാരനായ ഫിലിപ്പ്, എട്ട് വയസ്സുകാരനായ തിമോത്തി എന്നീ രണ്ട് ചെറിയ മക്കളെയും ധാര സിങ്ങിന്റെ നേതൃത്വത്തിലുള്ള അക്രമികൾ വാഗണുകൂടി തീവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഈ കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയായ ദാറ സിങ്ങിനെ 2003ൽ സി.ബി.ഐ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ 2005ൽ ഒഡിഷ ഹൈക്കോടതി അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. പിന്നീട് 2011ൽ സുപ്രീം കോടതി ഈ ജീവപര്യന്തം തടവുശിക്ഷ ശരിവെക്കുകയും ചെയ്തു.
കുഷ്ഠരോഗികളെ പരിചരിക്കുന്ന മയൂർഭഞ്ച് ഇവാഞ്ചലിക്കൽ മിഷണറിയുടെ ഭാഗമായിട്ടായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസും പ്രവർത്തിച്ചിരുന്നത്. 2005ൽ പദ്മശ്രീ പുരസ്കാരം ലഭിച്ച ഗ്ലാഡിസ് സ്റ്റെയിൻസ്, തന്റെ ഭർത്താവിനെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയവർക്ക് താൻ മാപ്പ് നൽകിയെന്നും അവരോട് യാതൊരുവിധ വിദ്വേഷവുമില്ലെന്നും പരസ്യമായി വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി അംഗമായ ധാരാ സിങ്, ബജ്‌റംങ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഗോ സുരക്ഷാ സമിതിയുടെ സജീവ അംഗവുമായിരുന്ന ഇയാൾ കൊലപാതകങ്ങൾ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയ ഇയാൾ ആർ.എസ്.എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

