ടി.വി റേറ്റിങ് ഏജൻസികൾക്ക് കർശന നിയന്ത്രണം; പുതിയ നയം പ്രഖ്യാപിച്ച് കേന്ദ്രം, ലാൻഡിങ് പേജ് വ്യൂവർഷിപ്പ് ഇനി കണക്കിലെടുക്കില്ല
text_fieldsന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ റേറ്റിങ് സംവിധാനം കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നയം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി. ‘ടി.വി റേറ്റിങ് പോളിസി 2026’ പ്രകാരം ചാനലുകളുടെ ജനപ്രീതി അളക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. കാണികളുടെ എണ്ണം കണക്കാക്കുന്നതിൽ ഏജൻസികൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.
ടി.വി ഓൺ ചെയ്യുമ്പോൾ താനേ തെളിഞ്ഞുവരുന്ന ചാനലുകളെയാണ് ലാൻഡിങ് പേജ് എന്ന് വിളിക്കുന്നത്. ഇത്തരം പേജുകൾ വഴിയുള്ള കാഴ്ചക്കാരുടെ എണ്ണം ഇനി മുതൽ റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല. ലാൻഡിങ് പേജുകൾ മാർക്കറ്റിങ് ടൂളുകളായി ഉപയോഗിക്കാമെങ്കിലും റേറ്റിങ് അളക്കുമ്പോൾ അവ ഒഴിവാക്കണമെന്ന് നയത്തിൽ വ്യക്തമാക്കുന്നു. ചാനലുകൾ ലാൻഡിങ് പേജുകളിൽ ലഭ്യമാണെങ്കിൽ ആ വിവരം റേറ്റിങ് ഏജൻസികളെ അറിയിക്കണമെന്നും നിർദേശമുണ്ട്.
റേറ്റിങ്ങിന്റെ കൃത്യത ഉറപ്പാക്കാൻ ഡാറ്റ ശേഖരിക്കുന്ന മീറ്ററുകൾ ഘടിപ്പിച്ച വീടുകളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ വർധിപ്പിക്കും. 18 മാസത്തിനുള്ളിൽ ഇത് 80,000 ആയും പിന്നീട് 1,20,000 ആയും ഉയർത്തണം. റേറ്റിങ് ഏജൻസികളുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ 50 ശതമാനവും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. ഇവർക്ക് ചാനലുടമകളുമായോ പരസ്യ ഏജൻസികളുമായോ ബന്ധമുണ്ടാകാൻ പാടില്ല.
പുതിയ റേറ്റിങ് ഏജൻസികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള കുറഞ്ഞ ആസ്തി 20 കോടി രൂപയിൽ നിന്നും 5 കോടി രൂപയായി കുറച്ചിട്ടുണ്ട്. കേബിൾ, ഡി.ടി.എച്ച് എന്നിവക്ക് പുറമെ ഒ.ടി.ടി, കണക്റ്റഡ് ടി.വി എന്നിവയിലെ കാഴ്ചക്കാരെയും ഇനി മുതൽ റേറ്റിങ്ങിൽ ഉൾപ്പെടുത്തും. മൂന്ന് മാസത്തിലൊരിക്കൽ ആഭ്യന്തര ഓഡിറ്റും വർഷത്തിലൊരിക്കൽ സ്വതന്ത്രമായ പുറം ഓഡിറ്റും ഏജൻസികൾക്ക് നിർബന്ധമാണ്.
പ്രേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ 2023ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് കർശനമായി പാലിക്കണം. പരാതികൾ പരിഹരിക്കാൻ 10 ദിവസത്തിനകം നടപടി എടുക്കുന്ന നോഡൽ ഓഫീസറെയും തർക്കങ്ങൾ പരിഹരിക്കാൻ അപ്പലേറ്റ് അതോറിറ്റിയെയും നിയമിക്കണം. നിയമലംഘനം നടത്തുന്ന ഏജൻസികൾക്കെതിരെ പിഴ മുതൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് വരെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും വിതരണക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ചാനലുകളുടെ വ്യൂവർഷിപ്പ് ഡാറ്റ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും നയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

