‘ഒരു ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ സർക്കാർ നിരവധി വിദ്യാർഥികളുടെ രക്തം ചിന്തുന്നു’; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി
text_fieldsഡൽഹിയിലെ സിജെപി പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വിദ്യാർഥികളുടെ രക്തം ചിന്താനും കേന്ദ്രസർക്കാർ തയാറാണെന്ന് കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിക്കുകയും പരിക്കേറ്റ വിദ്യാർഥികളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം.
‘ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡൽഹി പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമായിരുന്നു. 20ലധികം വിദ്യാർഥികളുടെ മരണത്തിന് കാരണമായ ഒരു ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ, നിരവധി വിദ്യാർഥികളുടെ രക്തം ചിന്താനും സർക്കാർ തയാറാണ്. പരിക്കേറ്റവർ ഇത് കാണുന്നുണ്ടെങ്കിൽ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം’ -അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തോടനുബന്ധിച്ച് കോക്രോച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ചലോ സൻസദ് മാർച്ച് ഡൽഹിയിൽ സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ 70പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഘർഷത്തിൽ 118 പൊലീസുകാർക്കും 60ലധികം പ്രതിഷേധക്കാർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊതുമുതൽ നശിപ്പിക്കൽ, കലാപത്തിന് ശ്രമിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.
അതേസമയം, സമാധാനപരമായ മാർച്ചിന് നേരെ പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന് സി.ജെ.പി ആരോപിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം തുടരുമെന്നും അവർ അറിയിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ജന്തർ മന്തറിലെ സമര പന്തൽ പൊലീസ് തകർത്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ വീണ്ടും സി.ജെ.പി പ്രവർത്തകരെത്തി സമരപന്തൽ പുനസ്ഥാപിച്ചു. പ്രതിഷേധം തുടരാനുള്ള സി.ജെ.പിയുടെ ആഹ്വാനത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാർ ഒഴുകിയെത്തുന്നുണ്ട്. സ്ഥലത്ത് വൻതോതിൽ പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. സി.ജെ.പി ആഹ്വാനം ചെയ്ത സൻസാദ് ചലോ മാർച്ചിന് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് പേർ എത്തിയിരുന്നു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങുന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. സമരക്കാർ പാർലമെന്റിന് അടുത്തെത്തിയതോടെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു.
ഇതിനിടെ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് നടപടിയെയും മഴയെയും അതിജീവിച്ച് സമരം രാത്രിവൈകിയും പ്രക്ഷുബ്ധമായി തുടർന്നു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വീഡിയോകളും പരിശോധിക്കാനും അക്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു. അവസാനം സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയാറായെങ്കിലും സമരക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു.
ജൂൺ 20നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ അഭിജിത് ദീപ്കെ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

