ഭിന്നത മുതലെടുക്കാൻ നീക്കംമണ്ഡല പുനർനിർണയ ബിൽ വീണ്ടും പാർലമെന്റിലേക്ക്
text_fieldsന്യൂഡൽഹി: ഇൻഡ്യാ സഖ്യത്തിലെ ഭിന്നതയും തൃണമൂൽ കോൺഗ്രസിലെ പിളർപ്പും മുന്നിൽക്കണ്ട് മണ്ഡല പുനർനിർണയവും വനിതാ സംവരണവും നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ മാറ്റങ്ങളോടെ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ നീക്കം.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട ഭരണഘടന ഭേദഗതി ബില്ലാണ് രണ്ട് മാസത്തിനുശേഷം വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതികളോടെ കൊണ്ടുവരുന്നത്. ലോക്സഭയിൽ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പാസാക്കാൻ 360 എം.പിമാരുടെ പിന്തുണ വേണം.
എൻ.ഡി.എ 293 അംഗങ്ങളാണുള്ളത്. തൃണമൂൽ കോൺഗ്രസിന്റെ വിമത എം.പിമാർ കൂടെ ചേരുമ്പോൾ 313 ആകും. ഇതോടൊപ്പം ഇൻഡ്യാ മുന്നണിയുമായി അകന്ന ഡി.എം.കെ അംഗങ്ങളുടെ പിന്തുണയും സ്വതന്ത്രരേയുമടക്കം കൂട്ടി ബിൽ പാസാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വലിയ തോതിൽ കുറയാൻ ഇടയാക്കുമെന്നായിരുന്നു ഡി.എം.കെ ഉന്നയിച്ച പ്രധാന എതിർപ്പ്.
പുതുതായി നിർദേശിച്ച മാറ്റമനുസരിച്ച്, ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുമ്പോഴും എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റ് അനുപാതം നിലവിലുള്ളതിന് തുല്യമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതോടെ ഡി.എം.കെ എതിർപ്പ് മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
വിഷയത്തിൽ ഡി.എം.കെയുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിവരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭയുടെ പരമാവധി സീറ്റുകളുടെ എണ്ണം 550ൽ നിന്ന് 850 ആയി ഉയർത്തുമ്പോഴും, സംസ്ഥാനങ്ങൾക്കിടയിൽ സീറ്റുകൾ വിഭജിക്കുന്നത് 1971ലെ സെൻസസ് അടിസ്ഥാനമാക്കിത്തന്നെ നിലനിർത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പ്രത്യേക മണ്ഡല പുനർനിർണയ ബിൽ പാസാക്കിയ ശേഷം രൂപവത്കരിക്കുന്ന ഡിലിമിറ്റേഷൻ കമീഷനായിരിക്കും പുതിയ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ നിശ്ചയിക്കുക. സംസ്ഥാനങ്ങൾക്കുള്ളിലെ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് നിലവിലുള്ള 2001ലെ സെൻസസിനുപകരം 2011ലെ സെൻസസ് അടിസ്ഥാനമാക്കിയേക്കും.
148 എം.പിമാരുടെ പിന്തുണയാണ് രാജ്യസഭയിൽ എൻ.ഡി.എക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്. ടി.എം.സിക്കും ഡി.എം.കെക്കുമായി രാജ്യസഭയിൽ 20 പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

