ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെയാക്കാൻ നീക്കം; ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസമായി നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. നിലവിൽ 20 വർഷമായി നിജപ്പെടുത്തിയിരിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി, ലൈസൻസ് ഉടമക്ക് 50 വയസ്സ് തികയുന്നത് വരെയാക്കി ഉയർത്താനാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ആലോചിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ ലൈസൻസ് പുതുക്കുന്നതിനായി ഇടയ്ക്കിടെ ആർ.ടി.ഒ ഓഫീസുകളിൽ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും.
നിലവിലെ നിയമപ്രകാരം, ഡ്രൈവിങ് ലൈസൻസിന് 20 വർഷമാണ് കാലാവധി. ഈ കാലാവധി പൂർത്തിയായാൽ ഉടമകൾ ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുകയും, ചില സാഹചര്യങ്ങളിൽ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സമർപ്പിക്കുകയും വേണം. എന്നാൽ പുതിയ നിർദേശം നടപ്പിലായാൽ, ലൈസൻസ് ലഭിച്ച ശേഷം 50 വയസ്സ് വരെ അത് സാധുവായിരിക്കും. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാറ്റം പരിഗണിക്കുന്നത്.
ലൈസൻസ് കാലാവധി നീട്ടുന്നതിനൊപ്പം തന്നെ, വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും, പെർമിറ്റ് പുതുക്കുന്നതിനുമുള്ള നടപടികൾ പൂർണ്ണമായും ഓൺലൈനാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് ഓഫീസുകളിലെ തിരക്ക് കുറക്കാനും പേപ്പർ വർക്കുകൾ ഒഴിവാക്കാനും സഹായിക്കും. ലൈസൻസ് ഫീസും പുതുക്കൽ തുകയുമെല്ലാം ഓൺലൈനായി തന്നെ അടക്കാൻ സൗകര്യമുണ്ടാകും.
ഈ തീരുമാനം നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്ക ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, വരുമാനത്തിൽ കാര്യമായ കുറവ് ഉണ്ടാകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഓൺലൈൻ സംവിധാനങ്ങൾ വഴി തന്നെ ഫീസ് ശേഖരിക്കുന്നത് തുടരുമെന്നതിനാൽ വരുമാന സ്രോതസ്സ് സുരക്ഷിതമായിരിക്കും.
അതേസമയം, ലൈസൻസ് പുതുക്കുന്നത് ലഘൂകരിക്കുമ്പോഴും ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 'നെഗറ്റീവ് പോയിന്റുകൾ' നൽകുകയും, ഇത് ലൈസൻസ് റദ്ദാക്കുന്നതുമായോ സസ്പെൻഡ് ചെയ്യുന്നതുമായോ ബന്ധിപ്പിക്കുകയും ചെയ്യുന്ന രീതി നടപ്പിലാക്കും. നിയമലംഘനം നടത്തുന്നവർക്ക് തുടർന്ന് ലൈസൻസ് ലഭിക്കണമെങ്കിൽ പ്രത്യേക പരിശീലനമോ പുനർ പരീക്ഷയോ പാസാവേണ്ടി വരും.
ഈ നിർദേശങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, ഇത് നടപ്പിലാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും, ഈ പരിഷ്കാരം നടപ്പിലായാൽ ഇന്ത്യൻ ഗതാഗത മേഖലയിൽ അതൊരു വലിയ മാറ്റമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

