ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക പീഡനമുൾപ്പടെയുള്ള കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എൻ.െഎ.എക്ക് കീഴിൽ മനുഷ്യക്കടത്ത് തടയാൻ പുതിയ യൂണിറ്റ് തുടങ്ങാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ലൈംഗിക തൊഴിലിനുൾപ്പടെ ഇന്ത്യയിൽ വൻതോതിൽ സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നതിെൻറ ഭാഗമായാണ് എൻ.െഎ.എക്ക് കീഴിൽ മനുഷ്യക്കടത്തിനെതിരായ യൂണിറ്റ് തുടങ്ങാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിനായി നിർഭയ ഫണ്ടിൽ നിന്ന് 324 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും കണ്ണികളെ കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കുന്നതിനായി എൻ.െഎ.എക്ക് സമാനമായ എജൻസിയെ നിയോഗിക്കണമെന്ന് വനിത ശിശു ക്ഷേമ വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ നൽകിയിരുന്നു. ഇതും പുതിയ നീക്കത്തിന് കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്.
എന്നാൽ യൂണിറ്റ് എൻ.െഎ.എക്ക് കീഴിലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വാർത്തകൾ. മന്ത്രിസഭായോഗം ചേർന്നതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. വിദേശകാര്യ മന്ത്രാലയത്തിെൻറ നിർദേശം കൂടി വിഷയത്തിൽ പരിഗണിക്കും.