‘പക്ഷപാത സംഘടന, സ്വന്തം അജണ്ട നടപ്പാക്കുന്നു...’; ആർ.എസ്.എസിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട യു.എസ് സമിതിക്കെതിരെ വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയായ ആർ.എസ്.എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അമേരിക്കൻ സർക്കാറിന്റെ മതസ്വാതന്ത്ര്യ ഉപദേശക സമിതിയായ യു.എസ് കമീഷൻ ഓൺ ഇന്റർനാഷനൽ റിലീജസ് ഫ്രീഡത്തെ (യു.എസ്.സി.ഐ. ആർ.എഫ്) വിമർശിച്ച് വിദേശകാര്യ മന്ത്രാലയം.
യു.എസ്.സി.ഐ.ആർ.എഫ് പക്ഷപാത സംഘടനയാണെന്നും സ്വന്തം അജണ്ട നടപ്പാക്കുകയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കുറ്റപ്പെടുത്തി. സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത രൺധീർ, ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തുന്നതിലൂടെ സംഘടന സ്വന്തം അജണ്ടയാണ് നടപ്പാക്കുന്നതെന്നും വിമർശിച്ചു. ആർ.എസ്.എസിന് അമേരിക്കയിൽ ഉപരോധമേർപ്പെടുത്തണമെന്നും നേതാക്കൾക്കും സംഘടനകൾക്കും നയതന്ത്ര പരിഗണനയോ ഉന്നതതല കൂടിക്കാഴ്ചകൾക്ക് അവസരമോ നൽകരുതെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ആർ.എസ്.എസ് ജന്മശദാബ്ദി ആഘോഷ പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കെയാണ് നീക്കം. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്സ് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘നിങ്ങൾ സംസാരിക്കുന്ന സംഘടന പക്ഷപാതപരമായ ഒന്നാണെന്ന് എല്ലാവർക്കും അറിയാം. വർഷങ്ങളായി അവർ ഇന്ത്യയെക്കുറിച്ച് തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകളാണ് നടത്തുന്നത്. ഇത്തരം സംഘടനകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല, അവർ സ്വന്തം അജണ്ട നടപ്പാക്കുകയാണ്. അതിനാൽ അത്തരം സംഘടനകളിൽനിന്ന് നമ്മൾ അകലം പാലിക്കണം’ -രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസ് അംഗമാണെന്നും ഇന്ത്യയിൽ മുസ്‍ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കാളികളാണ് ആർ.എസ്.എസും ഉപസംഘടനകളുമെന്നും യു.എസ്.സി.ഐ.ആർ.എഫ് അധ്യക്ഷൻ ആസിഫ് മഹ്മൂദ് പറഞ്ഞിരുന്നു. ആർ.എസ്.എസ് നേതാക്കൾ, ഇന്ത്യൻ സർക്കാറിന്റെ ഭാഗമാണെങ്കിലും അവർക്ക് അമേരിക്കയിൽ നയതന്ത്ര പരിഗണനയോ, ഉന്നതതല കൂടിക്കാഴ്ചകളോ അനുവദിക്കരുതെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമീഷണർ ജെൻ മിൽസ് ആവശ്യപ്പെട്ടു. ആർ.എസ്.എസ് തലവന്റെ അമേരിക്കൻ സന്ദർശനത്തെ തീവ്രഹിന്ദു ദേശീയതയെ എതിർക്കുന്ന അമേരിക്ക ആസ്ഥാനമായ ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയും വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

