Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സവാള സംഭരണ വില കിലോക്ക് 16.5 രൂപയാക്കി കേന്ദ്രം; പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
onion
cancel
camera_alt

സവാള

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബഫർ സ്റ്റോക്ക് പദ്ധതി പ്രകാരമുള്ള സവാള സംഭരണ വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്ക് പ്രകാരം സവാള സംഭരണ വില നിലവിലുള്ള കിലോഗ്രാമിന് 15.80 രൂപയിൽ നിന്ന് 16.50 രൂപയായി ഉയർത്തി. ജൂൺ 13 മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

വിലക്കയറ്റം തടയുന്നതിനും വിപണിയിലെ അടിയന്തിര ഇടപെടലുകൾക്കുമായി 'പ്രൈസ് സ്റ്റെബിലൈസേഷൻ ഫണ്ട്' (PSF) വഴി വർഷം തോറും സർക്കാർ സവാള സംഭരിച്ചു സൂക്ഷിക്കാറുണ്ട്. ഈ വർഷം 2 ലക്ഷം ടൺ സവാള സംഭരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) ഇത് 3 ലക്ഷം ടൺ ആയിരുന്നു. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് സവാള സംഭരണം ശക്തമാക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനുമുള്ള തീരുമാനമുണ്ടായത്.

നിലവിലെ കമ്പോള വിലയും സവാളയുടെ ഗുണനിലവാരവും കണക്കിലെടുത്ത്, കുറഞ്ഞ സംഭരണ വില 2026 ജൂൺ 13 മുതൽ ക്വിന്റലിന് 1,650 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട് എന്ന് കേന്ദ്രമന്ത്രി വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി സംഭരണ പ്രക്രിയ കൂടുതൽ സുഗമമാക്കാൻ വിലനിർണ്ണയ രീതികളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ വിപണിയിലെ വ്യതിയാനങ്ങൾ കണക്കിലെടുത്ത് സംഭരണ വില കിലോഗ്രാമിന് 12.70 രൂപയിൽ നിന്ന് 15.80 രൂപയായി കേന്ദ്രം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. മെയ് 15 മുതലാണ് രാജ്യത്ത് ഈ സീസണിലേക്കുള്ള സവാള സംഭരണം ആരംഭിച്ചത്. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-26 വർഷത്തിൽ രാജ്യത്തെ സവാള ഉത്പാദനം 307.37 ലക്ഷം ടൺ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. മുൻ വർഷമിത് (2024-25) 307.67 ലക്ഷം ടൺ ആയിരുന്നു.

കേന്ദ്ര സർക്കാർ വില വർധിപ്പിച്ചെങ്കിലും കർഷക സംഘടനകൾ പൂർണ്ണമായി തൃപ്തരല്ല. രാജ്യത്തെ ഏറ്റവും വലിയ സവാള ഉത്പാദന മേഖലയായ മഹാരാഷ്ട്രയിലെ കർഷകർ കിലോഗ്രാമിന് 30 രൂപ (ക്വിന്റലിന് 3,000 രൂപ) എങ്കിലും സംഭരണ വില വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. സവാള കൃഷിക്കായി വലിയ രീതിയിൽ ചിലവ് വർധിച്ചതാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്.

നാഫെഡ് (NAFED), എൻ.സി.സി.എഫ് (NCCF) എന്നീ ഏജൻസികൾ വഴി നൽകുന്ന നിലവിലെ വില വിപണിയിലെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നും കൃഷിച്ചെലവ് പോലും നികത്താൻ ഇത് പര്യാപ്തമല്ലെന്നുമാണ് കർഷകരുടെ വാദം.

മാത്രമല്ല, സവാള കർഷകർക്കായി 10,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സ്ഥിരതയുള്ള കയറ്റുമതി നയം രൂപീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ‘മാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും കർഷകർ ഇപ്പോഴും നഷ്ടത്തിലാണ്. സവാളക്ക് കൃത്യമായ വില എപ്പോൾ ലഭിക്കുമെന്നാണ് കർഷകരുടെ ചോദ്യം’ എന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഒണിയൻ ഗ്രോവേഴ്‌സ് അസോസിയേഷൻ നാസിക് ജില്ലാ പ്രസിഡന്റ് ജയദീപ് ഭദാനെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt hikes onion procurement rate to Rs 16.5 per kg
Next Story