വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നത് ജാഗ്രത തുടരാൻ -കേന്ദ്രം
text_fieldsന്യൂഡൽഹി: വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിൽ ന്യായീകരണവുമായി കേന്ദ്രം. വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷവും ഉചിതമായ പെരുമാറ്റവും ജാഗ്രതയും തുടരാനാണ് ചിത്രം വെക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
കോൺഗ്രസ് രാജ്യസഭ എം.പിയും മുൻ മാധ്യമ പ്രവർത്തകനുമായ കുമാർ കെത്കറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവിൻ പവാറാണ് ചോദ്യത്തിന് മറുപടി നൽകിയത്.
''ചിത്രം കൊടുത്തിരിക്കുന്നത് മഹാമാരിയുടെയും കോവിഡിന്റെ പരിണാമ സ്വഭാവത്തിന്റെയും പശ്ചാത്തലത്തിലാണ്. അതുകൊണ്ടുകൊണ്ടുതന്നെ അനുയോജ്യമായ രീതിയിൽ പെരുമാറേണ്ടത് രോഗത്തെ ചെറുക്കുന്നതിന് ഏറ്റവും നിർണായക നടപടികളിലൊന്നാണ്. വാക്സിൻ എടുത്ത ശേഷവും അനുയോജ്യമായി പെരുമാറാനാണ് പ്രധാനമന്ത്രിയുടെ ചിത്രം െവച്ചിരിക്കുന്നത്'' - പ്രവിൻ പവാർ പറഞ്ഞു.
വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നതിരെ നേരത്തേ ചത്തീസ്ഗഢ്, ത്സാർഖണ്ഡ് സർക്കാറുകൾ രംഗത്തെത്തിയിരുന്നു.

