Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരന്തൂർ വിമാനത്താവള പദ്ധതി സർക്കാരിന് ഇഷ്ടാനുസരണം ഉപേക്ഷിക്കാനാകില്ല; മദ്രാസ് ഹൈകോടതി

text_fields
bookmark_border
news
cancel

ചെന്നൈ: പരന്തൂരിലെ വൻകിട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈകോടതി. ഭൂമി ഏറ്റെടുക്കുകയും ഒരു പരിധിവരെ നഷ്ടപരിഹാരം നൽകുകയും ചെയ്തശേഷം ഇത്തരം വൻകിട പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതിനെ തുടർന്ന് 2026 ഓഗസ്റ്റ് 24 മുതൽ പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 6,400 ഏക്കറിൽ 1,700 ഏക്കർ ഇതിനകം ഏറ്റെടുക്കുകയും ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാനും മറ്റൊരു സ്ഥലം പരിഗണിക്കാനുമാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇത്രയധികം ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തശേഷം എങ്ങനെയാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനാകുക?' എന്ന് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട് കോടതി ചോദിച്ചു. പൊതുപണം പാഴാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

'സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല വിമാനത്താവളങ്ങൾ നിർമിക്കുന്നത്. സാധ്യതാപഠനത്തിന് അംഗീകാരം നൽകിയ ശേഷമാണ് ഇത്തരം പദ്ധതികൾക്ക് പച്ചക്കൊടി കാട്ടുന്നത്. ഈ ഘട്ടത്തിൽ പദ്ധതി പ്രായോഗികമല്ലെന്ന് പറയാനാകില്ല' എന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ജി. അരുള്‍ മുരുകനും ഉൾപ്പെട്ട ഒന്നാം ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. പരന്തൂരിലെ 27,000 കോടി രൂപയുടെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള ടി.വി.കെ സർക്കാരിന്റെ തീരുമാനത്തിനെതിരെ ജി. ഗൗതമൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (ജി.ഒ) നടപടിക്രമങ്ങളിലാണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുകയും നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഇപ്പോൾ പദ്ധതി പ്രദേശം അനുയോജ്യമല്ലെന്ന് സർക്കാർ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ആകെ 5,368 ഏക്കർ ഭൂമിയാണ് ആവശ്യമായിരുന്നത്. ഇതിൽ ജലാശയങ്ങൾ, കൃഷിഭൂമി, തണ്ണീർത്തടങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകദേശം 201 ഏക്കർ ഭൂമിയുണ്ട്. ഈ പ്രദേശങ്ങളിൽ വലിയ തോതിൽ ജലാശയങ്ങളും കൃഷിഭൂമിയും ഉൾപ്പെടുന്നതിനാൽ പരിസ്ഥിതി അനുമതി ലഭിക്കുന്നത് പ്രയാസമായിരിക്കുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വിശദീകരിച്ചു.

'തെറ്റായ തീരുമാനം തിരുത്താനാകും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരജിയിൽ മറുപടി സമർപ്പിക്കാൻ സംസ്ഥാന സർക്കാരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി. തുടർന്ന് കേസ് മാറ്റിവച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Govt cannot abandon Parandur airport project at will: Madras High Court
Next Story