ഫുക്കറ്റ്-ഡൽഹി വിമാനാപകടത്തിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യക്ക് കേന്ദ്രത്തിന്‍റെ കർശന മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: വിമാനങ്ങളുടെ പ്രവർത്തനങ്ങളിലെ മേൽനോട്ടം ശക്തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാറിന്റെ കർശന മുന്നറിയിപ്പ്. മയക്കുമരുന്ന് പരിശോധനാ നിയമങ്ങൾ വേഗത്തിൽ പരിഷ്കരിക്കാനും നിർബന്ധിത പരിശോധനക്ക് വിധേയമാകുന്ന ജീവനക്കാരുടെ ശതമാനം വർധിപ്പിക്കാനും വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയോട് ഉത്തരവിട്ടു. കൂടാതെ, യഥാർത്ഥ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ പിഴയിടാനും, മരുന്നുകൾ കാരണം പരിശോധനാഫലം പോസിറ്റീവാകുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും വ്യോമയാന റെഗുലേറ്റർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ആഗസ്റ്റ് 4-ന് 145 യാത്രക്കാരുമായി ബാങ്കോക്കിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ (AI 2379) വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ കൺഫർമേറ്ററി ഡോപ് ടെസ്റ്റ് ഫലത്തിൽ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു.
അതേസമയം വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ഡോക്ടറുടെ കുറിപ്പടി പ്രകാരം ഉറക്കഗുളികകൾ കഴിച്ചതാണ് പരിശോധനാഫലം പോസിറ്റീവാകാൻ കാരണമെന്നാണ് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുള്ളത്. എന്നാൽ കാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തിലെ പെരുമാറ്റത്തിനെതിരെ പരാതി ഉന്നയിച്ചതും ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരുന്നു.
അഹ്മദാബാദിൽ 260 പേരുടെ ജീവൻ അപഹരിച്ച മുൻകാല ദുരന്തത്തിന്റെ അന്തിമ റിപ്പോർട്ട് പോലും പുറത്തുവരുന്നതിന് മുമ്പേ എയർ ഇന്ത്യയിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്. AI 2379 വിമാനത്തിൽ സംഭവിച്ച വീഴ്ചകളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്നും വ്യോമയാന സെക്രട്ടറി സമീർ സിൻഹ അറിയിച്ചു.
ഒഡീഷക്ക് മുകളിലൂടെ പറക്കുന്നതിനിടയിൽ വിമാനം ഏകദേശം അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ ലഹരി പരിശോധനയിലാണ് പൈലറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഇതിനിടെ മയക്കുമരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട ഡി.ജി.സി.എയുടെ വ്യവസ്ഥകളിൽ ചില പോരായ്മകളുണ്ടെന്ന് മുതിർന്ന പൈലറ്റുമാർ ചൂണ്ടിക്കാട്ടി. യഥാർത്ഥ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില ഔഷധങ്ങൾ കഴിക്കുന്നത് വഴി പരിശോധനാഫലം പോസിറ്റീവാകുന്നവരെയും ഒരേപോലെ കാണുന്നതാണ് നിലവിലെ നിയമത്തിലെ പ്രശ്നമെന്ന് ഇവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

