ഗോവിന്ദ് പൻസാരെ വധം: പ്രതിയായ സനാതൻ സൻസ്ത പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsഗോവിന്ദ് പൻസാരെ, സമീർ വിഷ്ണു ഗെയ്ക് വാദ്
മുംബൈ: ഇടതു ചിന്തകനും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെ വധക്കേസിലെ മുഖ്യപ്രതിയായ തീവ്ര ഹിന്ദുത്വ സംഘടന സനാതൻ സൻസ്തയുടെ പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്ര സാംഗ്ലി ജില്ലക്കാരനായ സമീർ വിഷ്ണു ഗെയ്ക് വാദ് ആണ് മരിച്ചത്.
ചൊവ്വാഴ്ച അർധ രാത്രിയിൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വിഷ്ണു ഗെയ്ക് വാദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതക കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിഷ്ണു ഗെയ്ക് വാദിന്‍റെ മരണം.
2015 ഫെബ്രുവരി 16ന് കോലാപുരിലാണ് അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടത്. 2015 സെപ്റ്റംബറിലാണ് 43കാരനായ സമീർ വിഷ്ണു ഗെയ്ക് വാദ് പിടിയിലാകുന്നത്. 2017 മുതൽ വിഷ്ണു ഗെയ്ക് വാദ് ജാമ്യത്തിലാണ്.
കോലാപൂരിലെ വീടിന് സമീപം പ്രഭാത നടത്തിനിടെയാണ് ബൈക്കിലെതിതിയ രണ്ടംഗ സംഘം ഗോവിന്ദ് പൻസാരെക്കും ഭാര്യക്കും നേരെ വെടിവെച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 20ന് പൻസാരെ മരിച്ചു.
ആദ്യം രാജാറാംപൂരി പൊലീസ് കൈകാര്യം ചെയ്ത കേസ് പിന്നീട് ഹൈകോടതി നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസിൽ 12 പേരുടെ ഗൂഢാലോചന കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം വിഷ്ണു ഗെയ്ക് വാദ് അടക്കം 10 പേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

