തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയി
text_fieldsചെന്നൈ: നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് നിയമസഭയിൽനിന്ന് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. തുടർച്ചയായി നാലാം വർഷമാണ് ഗവർണർ ഇത്തരത്തിൽ ഇറങ്ങിപ്പോകുന്നത്.
സഭാ നടപടികൾ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ നിലപാട് സ്പീക്കർ എം.അപ്പാവു അംഗീകരിക്കാത്തതാണ് ഗവർണറെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറും മറ്റും വരവേറ്റു.
ആദ്യം ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടപ്പോൾ തുടക്കത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ്ത്തായ് വാഴ്ത്ത്’ പാട്ടും സഭാ നടപടികൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതുമാണ് കീഴ്വഴക്കമെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ, ഇതിൽ തൃപ്തനാകാതെ ഗവർണർ ഇറങ്ങിപ്പോവുകയായിരുന്നു. ഗവർണർ പുറത്തിറങ്ങിയതിന് പിന്നാലെ അണ്ണാ ഡി.എം.കെ, ബി.ജെ.പി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനുശേഷം സ്പീക്കർ അപ്പാവു കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഉൾപ്പെട്ട സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിച്ചു.
സാധാരണ ഗവർണർ ഇംഗ്ലീഷിൽ നയപ്രഖ്യാപന പ്രസംഗം വായിച്ചതിനുശേഷം സ്പീക്കർ ഇതിന്റെ തമിഴ് പരിഭാഷ വായിക്കുകയാണ് പതിവ്. ഗവർണറുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് യോജിച്ചതല്ലെന്നു പറഞ്ഞ് ഗവർണർക്കെതിരായ പ്രമേയം പിന്നീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ചു. ആടിന് താടി ആവശ്യമില്ലെന്നതുപോലെ രാജ്യത്തിന് ഗവർണറും ആവശ്യമില്ലെന്ന മുൻ മുഖ്യമന്ത്രി അണ്ണാദുരൈ പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട് ‘ലോക്ഭവൻ’ പുറത്തുവിട്ട പ്രസ്താവനയിൽ തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം അപമാനിക്കപ്പെട്ടതായി ആരോപിച്ചു.
സർക്കാറിനെ വിമർശിക്കാൻ ഗവർണർ രാഷ്ട്രീയക്കാരനല്ലെന്ന് സ്പീക്കർ എം.അപ്പാവു പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം വായിക്കുകയെന്നത് ഗവർണറുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

