Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സർക്കാറുകൾ മാറുമെന്ന് ഓർക്കുക’; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി അഖിലേഷ് യാദവ്

text_fields
bookmark_border
പത്തു വർഷമായി ബിജെപി ഏജന്റുമാരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകും
‘സർക്കാറുകൾ മാറുമെന്ന് ഓർക്കുക’; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി അഖിലേഷ് യാദവ്
cancel

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയുടെ ‘ഏജന്റുമാരായും’ പ്രവർത്തകരായും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് ശനിയാഴ്ച അദ്ദേഹം അറിയിച്ചു.

ലഖ്നോവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി. എസ്.പി എംഎൽഎമാർ, എംഎൽസിമാർ, ലോക്‌സഭാ-രാജ്യസഭാ എം.പിമാർ എന്നിവരുടെ ഒപ്പുകൾ ശേഖരിച്ചാകും ഔദ്യോഗിക പരാതി നൽകുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം തന്നെ ബിജെപി പരാജയം ഉറപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഇന്ന് ഭരണഘടനക്ക് കീഴിൽ നീതി ഉറപ്പാക്കുക, ആദരവ് നേടുക, ജനങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നിവ ഗുരുതരമായ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഈ പ്രതിസന്ധിയുടെ ഏക കാരണം ബിജെപിയാണ്. ബിജെപിയെ നീക്കം ചെയ്താൽ പ്രതിസന്ധി അവസാനിക്കും. പാർട്ടി സഹപ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം ഞാൻ തീർച്ചയായും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും. അധികാരത്തിലിരിക്കെ ബിജെപി സ്വന്തം തയ്യാറെടുപ്പുകൾ നടത്തുകയാണ്. കാരണം ഇത്തവണ ജനങ്ങൾ അവരെ പരാജയപ്പെടുത്തുമെന്ന് അവർക്കറിയാം. സത്യത്തിൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം തന്നെ ബിജെപി ഫലത്തിൽ തോറ്റുകഴിഞ്ഞിരിക്കും.ജനങ്ങൾ ആ തീയതിക്കായി കാത്തിരിക്കുകയാണ്’-അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാന ഉദ്യോഗസ്ഥവൃന്ദത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് എസ്.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്ത് വർഷമായി ചില ഉദ്യോഗസ്ഥർ എങ്ങനെയാണ് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കുന്ന കത്ത് ഞങ്ങളുടെ എംഎൽഎമാർ, എംഎൽസിമാർ, രാജ്യസഭാ-ലോക്‌സഭാ അംഗങ്ങൾ എന്നിവർ ഒപ്പിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും

ഭരണകൂട ഉദ്യോഗസ്ഥർ ഭരണഘടനക്ക് അനുസൃതമായി കർശനമായി പ്രവർത്തിക്കണമെന്നും സർക്കാരുകൾ മാറുമെന്ന കാര്യം ഓർമിപ്പിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ കൃത്രിമത്വം കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെക്കാനായി ശേഖരിച്ചുവരികയാണെന്നും വ്യക്തമാക്കി.

അതിനിടെ, വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശമുള്ളതുകൊണ്ട് മാത്രം നിലവിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ നടക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയക്കിടെ വോട്ടർമാർ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

നവംബർ 17നും ഡിസംബർ 16നും ഇടയിൽ സമർപ്പിക്കുന്ന ഫോമുകൾ ഡിസംബർ 28നകം പ്രോസസ്സ് ചെയ്യുമെന്നും, ഇതിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും നവ്ദീപ് റിൻവ എഎൻഐയോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Governments will change: Akhilesh warns officials
Next Story