ജസ്റ്റിസ് യശ്വന്ത് വർമയെ നീക്കംചെയ്യാൻ സർക്കാർ പ്രമേയം; തത്ത്വത്തിൽ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡൽഹി: വീട്ടിൽനിന്ന് പണം നിറച്ച ചാക്കുകൾ കണ്ടെത്തിയ സംഭവത്തിൽ തെറ്റുകാരനെന്ന് അന്വേഷണ സമിതി കണ്ടെത്തിയ ഹൈകോടതി ജഡ്ജി യശ്വന്ത് വർമയെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷവുമായി തത്ത്വത്തിൽ ധാരണയായെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. സർക്കാറിന്റെ ഇംപീച്ച്മെന്റ് പ്രമേയത്തിന്മേലുള്ള നോട്ടീസിന് പിന്തുണ നൽകാമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ സമ്മതിച്ചെന്ന് കിരൺ റിജിജു പറഞ്ഞു.
കുറ്റക്കാരെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടും ജസ്റ്റിസ് യശ്വന്ത് വർമ രാജിവെക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കാൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
ലോക്സഭയിലാണോ രാജ്യസഭയിലാണോ പ്രമേയം കൊണ്ടുവരേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കിരൺ റിജിജു പറഞ്ഞു. സഭയേതെന്ന് തീരുമാനിച്ച ശേഷം എം.പിമാരുടെ ഒപ്പുകൾ വാങ്ങും. ഈ മാസം 21ന് തുടങ്ങുന്ന വർഷകാല സമ്മേളനം ആഗസ്റ്റ് 21ന് സമാപിക്കും. ഈ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
സുപ്രീംകോടതി നിയോഗിച്ച സമിതി കുറ്റക്കാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയപ്പോൾ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് വർമയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. അതിനെ തുടർന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്. ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാർ സ്വയം രാജിവെച്ചില്ലെങ്കിൽ നീക്കം ചെയ്യാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ. അതിനുള്ള പ്രമേയം അവതരിപ്പിക്കാൻ ലോക്സഭയിൽ ചുരുങ്ങിയത് 100ഉം രാജ്യസഭയിൽ 50ഉം എം.പിമാർ ഒപ്പിട്ട നോട്ടീസ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

