സർക്കാർ ചർച്ചക്ക്; പ്രതിപക്ഷം രാജിക്ക്
text_fieldsഡൽഹി ജന്തർ മന്തറിൽ ബുധനാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധം
ന്യൂഡൽഹി: സമരം കത്തിപ്പിടിച്ചതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ പാർലമെന്റിനകത്ത് പ്രതിപക്ഷവുമായും പുറത്ത് സി.ജെ.പിയുമായും (കോക്രോച്ച് ജനത പാർട്ടി) ചർച്ചക്ക് സന്നദ്ധത അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സി.ജെ.പിയും നിലപാട് കടുപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ചയെച്ചൊല്ലി വർഷകാല സമ്മേളനത്തിന്റെ മൂന്നാം നാളും പാർലമെന്റ് സ്തംഭിച്ചതിനിടെ തിങ്കളാഴ്ച സി.ജെ.പി മാർച്ചിൽ വിദ്യാർഥികൾക്കുനേരെ നടന്ന അതിക്രമങ്ങൾ അടക്കം ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഇരുസഭകളെയും അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആദ്യം വേണ്ടതെന്നും അതിനുശേഷം മതി ചർച്ചയെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇരുകൂട്ടരും സമവായത്തിലെത്താതെ വന്നതോടെ പ്രതിപക്ഷം ഇരുസഭകളും ബുധനാഴ്ചയും സ്തംഭിപ്പിച്ചു.
നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചും അതിനെതിരായ സമരത്തെ നേരിട്ടതിനെ കുറിച്ചും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ലോക്സഭയിലാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആദ്യം പറഞ്ഞത്. എല്ലാ പാർട്ടികളുടെയും നേതാക്കളുമായി കൂടിയാലോചിച്ച് ചർച്ചയുടെ രീതി, തീയതി, സമയം എന്നിവ സ്പീക്കർ തീരുമാനിക്കട്ടെ. സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങൾ അറിയേണ്ടതിനാൽ വിശദമായ ചർച്ചക്ക് സർക്കാർ തയാറാണെന്നും റിജിജു കൂട്ടിച്ചേർത്തു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ഈ വിഷയം കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലുള്ള വിഷയമല്ലെന്നും ഇരുകൂട്ടരും തീർത്താൽ മതിയാവില്ലെന്നും പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തങ്ങളോട് കൂടിയാലോചന നടത്താത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു. സർക്കാർ സമരത്തെ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണ്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ പോലും വലിച്ചുകീറി. യുവാക്കൾക്കുവേണ്ടി പുറത്ത് സംസാരിക്കാൻ കഴിയുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ഇവിടെ സംസാരിച്ചുകൂടെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
എല്ലാ അഭിപ്രായങ്ങളും താൻ കേട്ടിട്ടുണ്ടെന്നും തുറന്ന മനസ്സോടെ ചർച്ച നടത്താനുള്ള സർക്കാറിന്റെ സന്നദ്ധത രേഖപ്പെടുത്തിയിട്ടുണ്ടെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. നടപടികളെ തടസ്സപ്പെടുത്തുന്നതിനുപകരം വിശദമായ ചർച്ചയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് അഭ്യർഥിച്ചു.
പിന്നീട് രാജ്യസഭയിലും ഇക്കാര്യം റിജിജു ആവർത്തിച്ചു. എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആദ്യം വേണ്ടതെന്നും അത് കഴിഞ്ഞാണ് ചർച്ച നടത്തേണ്ടതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അതിനെ ഖണ്ഡിച്ചു. ഉത്തരവാദിയായ മന്ത്രി രാജിവെക്കാതെ നടക്കുന്ന ചർച്ച നിഷ്പക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

