20,000 കോടിയുടെ കേസ്; വോഡഫോണിന് അനുകൂലമായ വിധിയെ എതിർക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: വോഡഫോണിന് അനുകൂലമായി അന്താരാഷ്ട്ര തർക്കപരിഹാര ട്രിബ്യൂണലിൽ നിന്നുള്ള വിധിക്കെതിരെ കേന്ദ്രസർക്കാർ . 20,000 കോടി നികുതിയടക്കണമെന്ന കേസിലാണ് ഹേഗിലെ ട്രിബ്യൂണലിൽ നിന്ന് വോഡഫോണിന് അനുകൂല വിധിയുണ്ടായത്.
അന്താരാഷ്ട്ര ട്രിബ്യൂണലിെൻറ വിധിയെ സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കേന്ദ്രസർക്കാർ ഉപദേശം തേടിയിരുന്നു. തർക്കപരിഹാര കോടതിയുടെ വിധി ഒരു രാജ്യത്തെ പാർലമെൻറ് പാസാക്കിയ നിയമത്തിന് എതിരാവരുതെന്ന് തുഷാർ മേത്ത നിയമോപദേശം നൽകിയെന്നാണ് സൂചന.
വോഡഫോണിൽ നിന്ന് നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനുള്ള കേന്ദ്രസർക്കാർ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു തർക്കപരിഹാര ട്രിബ്യൂണലിെൻറ ഉത്തരവ്. കോടതി ചെലവായി കമ്പനിക്ക് 40 കോടി നൽകാനും ഉത്തരവിട്ടിരുന്നു. നികുതി കുടിശികയായി 12,000 കോടിയും പലിശയായി 7,900 കോടിയും നൽകാനായിരുന്നു കേന്ദ്രസർക്കാർ നിർദേശം.
2007ൽ ഹച്ചിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് വോഡഫോണിന് നികുതി കുടിശിക വന്നത്. ഏറ്റെടുക്കലിന് നികുതി നൽകണമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. തുടർന്ന് വോഡഫോൺ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വോഡഫോണിൽ നിന്ന് നികുതി ഈടാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയമം പാസാക്കുകയും നികുതിയും കുടിശികയും അടക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെതിരെയാണ് വോഡഫോൺ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

