‘മുദ്ര’ വിളഞ്ഞത് അഞ്ചിലൊന്ന്
text_fieldsന്യൂഡൽഹി: വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മോദിസർക്കാർ ആവിഷ്കരിച്ച മുദ്ര പദ്ധതി വൻപരാജയമെന്ന് സർക്കാർ കണക്കുകൾ. പദ്ധതിക്കുകീഴിൽ വായ്പയെടുത്തവരിൽ അഞ്ചിലൊന്നുപോലും പുതിയ വ്യവസായം തുടങ്ങിയില്ല. മറ്റുള്ളവരാകെട്ട, നടത്തിവരുന്ന സ്ഥാപനത്തിെൻറ വിപുലീകരണത്തിനാണ് വായ്പ പ്രയോജനപ്പെടുത്തിയത്.
ഒൗദ്യോഗികമായി പുറത്തുവിടാത്ത തൊഴിൽ മന്ത്രാലയത്തിെൻറ കരട് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞവർഷം ഏപ്രിലിനും നവംബറിനും ഇടയിൽ നടത്തിയ സർവേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 94,375 ഗുണഭോക്താക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 20 ശതമാനം വരുന്ന 19,396 പേർ പുതിയ ബിസിനസ് തുടങ്ങി. ബാക്കിയുള്ളവർ നിലവിലുള്ള സ്ഥാപനം വികസിപ്പിച്ചു.
2015 ഏപ്രിലിനും 2017 ഡിസംബറിനുമിടയിൽ 1.12 കോടി അധിക തൊഴിലവസരം മുദ്ര പദ്ധതി സൃഷ്ടിച്ചുവെന്നാണ് കരട് റിപ്പോർട്ട് പറയുന്നത്. ആകെ നൽകിയ വായ്പകളുടെ എണ്ണത്തിെൻറ പകുതി പോലും വരുന്നില്ല ഇത്. മുദ്ര പദ്ധതി പ്രകാരം 12.27 കോടി വായ്പ അക്കൗണ്ടുകളിലേക്ക് 5.71 ലക്ഷം കോടി രൂപ 2018 വരെയുള്ള ആദ്യ മൂന്നു വർഷങ്ങൾക്കിടയിൽ നൽകിയിട്ടുണ്ട്.
മുദ്ര പദ്ധതി നിർമാണ മേഖലയിൽ പ്രയോജനപ്പെടുത്തിയ വായ്പക്കാർ 11.7 ശതമാനം മാത്രം. മൂന്നിൽ രണ്ടു പേരും വ്യാപാര, സേവന മേഖലയിലാണ് സംരംഭം തുടങ്ങിയത്. 1.12 കോടി തൊഴിലുകളിൽ പകുതിയും സ്വയംതൊഴിൽ അഥവാ സ്വയം പണിയെടുക്കുന്ന സ്ഥാപന ഉടമകളാണ്. കൂലി നൽകാതെ പണിയിൽ പങ്കുചേർക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണവും ഇതിൽ ഉൾപ്പെടുന്നു.
2015ൽ തുടങ്ങിയ മുദ്ര പദ്ധതി ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഇൗടില്ലാതെ വായ്പ നൽകാനാണ് ലക്ഷ്യമിടുന്നത്. മൂന്നു വിഭാഗങ്ങളിലാണ് വായ്പ. അരലക്ഷം വരെ, അഞ്ചുലക്ഷം വരെ, 10 ലക്ഷം വരെ എന്നിങ്ങനെയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
