Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലക്കം മറിഞ്ഞ്...

മലക്കം മറിഞ്ഞ് സർക്കാർ; ഉള്ളിലിരിപ്പ് പുറത്ത്

text_fields
bookmark_border
മലക്കം മറിഞ്ഞ് സർക്കാർ; ഉള്ളിലിരിപ്പ് പുറത്ത്
cancel
Listen to this Article

ന്യൂഡൽഹി: 162 വർഷം പഴക്കമുള്ള രാജ്യദ്രോഹ നിയമം കോടതി മരവിപ്പിച്ചതിനൊപ്പം, പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മോദിസർക്കാറിന്റെ യഥാർഥ നിലപാട് പച്ചയായി പുറത്ത്. നിയമം പുനഃപരിശോധിക്കുമെന്നും, അതുവരെ പൊതുതാൽപര്യ ഹരജികളിൽ വാദം കേൾക്കൽ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട സർക്കാർ സത്യവാങ്മൂലത്തിൽ പ്രദർശിപ്പിച്ചത് പൗരസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അതിവ്യഗ്രത. നിയമം കോടതി മരവിപ്പിക്കാൻ പോകുന്നുവെന്നായപ്പോൾ, പൗരസ്വാതന്ത്ര്യത്തിന് തുടർന്നും വിലങ്ങിടാൻ തീവ്രശ്രമം.

ഭരണകൂടം വ്യാപകമായി ദുരുപയോഗിക്കുന്ന 124-എ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളിൽ സർക്കാർ സത്യവാങ്മൂലം നൽകിയതുതന്നെ കോടതി പലവട്ടം ആവശ്യപ്പെട്ട ശേഷമാണ്. എഡിറ്റേഴ്സ് ഗിൽഡ്, റിട്ട. മേജർ ജനറൽ എസ്.ജി വൊംബത്കരെ, മുൻകേന്ദ്രമന്ത്രി അരുൺ ഷൂരി, പി.യു.സി.എൽ തുടങ്ങിയവരുടെ ഹരജികളാണ് കോടതിക്കു മുന്നിൽ. നിയമം ആവശ്യമാണ്, ദുരുപയോഗം തടയാൻ ചില മാർഗനിർദേശങ്ങൾ കൊണ്ടുവന്നാൽ മതിയെന്ന നിലപാടാണ് അറ്റോണി ജനറൽ കോടതിയിൽ ആദ്യം പറഞ്ഞത്. എന്നാൽ, സത്യവാങ്മൂലത്തിൽ നിലപാട് മാറ്റി.

കോളനിക്കാലത്തെ വിഴുപ്പു ഭാണ്ഡങ്ങളായ പല നിയമങ്ങളും റദ്ദാക്കിയ സർക്കാർ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ പോകുന്നു, പ്രധാനമന്ത്രി പ്രത്യേകമായി ഇടപെട്ടു, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയാണ് തുടങ്ങിയ പരാമർശങ്ങളിലൂടെ പൗരസ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള അതീവ ശ്രദ്ധയാണ് സത്യവാങ്മൂലത്തിലൂടെ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ, കേസിൽ കഴിയുന്നത്ര സമയം നീട്ടിയെടുക്കാനുള്ള ഊടുവഴിയായിരുന്നു പുനഃപരിശോധനയെന്നാണ് പിന്നാലെ തെളിഞ്ഞത്.

കേസ് കോടതിയിൽ നടക്കുമ്പോൾ തന്നെ, രാജ്യദ്രോഹ നിയമപ്രകാരമുള്ള കേസുകളും കോടതി വിചാരണ നടപടികളും പതിവിൻപടി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു സർക്കാറിന്റെ ഉദ്ദേശ്യം. പുനഃപരിശോധനക്ക് ആവശ്യമായ സമയത്തെക്കുറിച്ച് സത്യവാങ്മൂലത്തിൽ മൗനം പാലിക്കുകയും ചെയ്തു. പക്ഷേ, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട് സർക്കാറിനെ വെട്ടിലാക്കി.

പുനഃപരിശോധന അനന്തമായി നീണ്ടുപോയാൽ ഉണ്ടാകാവുന്ന പ്രയാസങ്ങൾ എടുത്തുകാട്ടിയ കോടതി നിയമം മരവിപ്പിച്ചേക്കുമെന്ന് വന്നതോടെ സർക്കാറിന്റെ ഉള്ളിലിരിപ്പ് താനേ വെളിയിൽ വന്നു. നിയമനടത്തിപ്പ് മരവിപ്പിക്കാനാവില്ല, വിചാരണ നടപടി നിർത്തിവെക്കാനാവില്ല തുടങ്ങിയ വാദഗതികൾ സോളിസിറ്റർ ജനറൽ മുന്നോട്ടുവെച്ചു. എസ്.പിയുടെ മേൽനോട്ടത്തിൽ കേസ് തുടർന്നും രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള വഴികൾ കോടതി മുമ്പാകെ വെക്കുക മാത്രമല്ല, നിലവിലെ കേസുകളിൽ പലതിനും ഭീകരത, കള്ളപ്പണം തുടങ്ങിയവയുമായി ബന്ധമുണ്ടാകാമെന്ന ഭയാശങ്ക ഉയർത്തി വിടുകയും ചെയ്തു. എന്നാൽ ആവലാതിക്കാരുടെയും സർക്കാറിന്റെയും വാദമുഖങ്ങൾ സന്തുലിതമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയപ്പോൾ തന്ത്രം പാളി സർക്കാർ മൂക്കുകുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sedition case
News Summary - Government stand on sedition case
Next Story