‘ഒരു നാടു മുഴുവൻ സത്യമറിയാൻ കാത്തു നിൽക്കുന്നു; സുബീൻ ഗാർഗിന്റെ മരണത്തിൽ ഭരണകൂടം സുതാര്യമായ അന്വേഷണം നടത്തണം’ -രാഹുൽ ഗാന്ധി
text_fieldsഗുവാഹത്തി: വിഖ്യാത ബോളിവുഡ്-അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അപ്രതീക്ഷിത മരണത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുവാഹത്തിക്കടുത്തുള്ള സോനാപൂരിലെ സംസ്കാര സ്ഥലത്ത് സുബീൻ ഗാർഗിന് ആദരാഞ്ജലി അർപിച്ച അദ്ദേഹം സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രംഗത്തുവന്നു. ശേഷം സുബിന്റെ കുടുംബത്തെ കണ്ട രാഹുൽ അവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്താണ് നടന്നതെന്ന് തങ്ങൾക്ക് അറിയണമെന്ന് അവർ പറഞ്ഞതായി രാഹുൽ അറിയിച്ചു.
അസം മുഴുവനും ഈ ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന് പഞ്ഞ രാഹുൽ, അദ്ദേഹത്തെ സ്നേഹിക്കുന്നവർ സത്യം അറിയാൻ കാത്തു നിൽക്കുകയാണെന്നും എത്രയും വേഗത്തിൽ അന്വേഷണം നടത്തി അത് പുറത്തുകൊണ്ടു വരേണ്ടത് സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 19നാണ് സുബീൻ സിംഗപ്പൂരിലെ ഒരു പൂളിൽ അപകടത്തിൽ മരിച്ചതായി വാർത്ത വന്നത്. സംഭവത്തിന്റെ അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാവണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. ഇന്ത്യൻ മനസ്സുകളിൽ സുബീന്റെ ശബ്ദം മങ്ങാതെ ജീവിക്കുന്നുവെന്നും അദ്ദേഹം അുസ്മരിച്ചു.
അതിനിടെ, അസം പൊലീസ് കസ്റ്റഡിയിലെടുത്ത സുബീന്റെ കൂടെയുണ്ടായിരുന്ന ഡ്രമ്മർ ശേഖർ ജ്യോതി ഗോസ്വാമി, സഹ ഗായകൻ അമൃത്പ്രാവ മഹന്ത എന്നിവരുടെ 14 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പ്രാദേശിക കോടതി ജഡ്ജി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ഇരുവരെയും അസം പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതുവരെയായി ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ദാർഥ് ശർമയും ഉൾപ്പെടും. ഗുവാഹത്തി ഹൈകോടതിയിലെ ജസ്റ്റിസ് സൗമിത്ര സൈകിയുടെ ഏകാംഗ അന്വേഷണ കമീഷനും കേസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

