ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിലടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവേ, രാജ്യത്തുടനീളം വാക്സിൻ സൂക്ഷിക്കാനും വിതരണം വേഗത്തിലാക്കാനുമുള്ള ക്രമീകരണങ്ങൾക്കായി കേന്ദ്രസർക്കാർ നടപടി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ സൂക്ഷിക്കാൻ ആവശ്യമായ ശീതീകരണ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
താലൂക്ക് തലങ്ങളിൽ ശീതീകരണ യൂനിറ്റുകൾ കണ്ടെത്തി അവിടങ്ങളിൽ വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദഗ്ധ സമിതി ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായും സർക്കാർ-സ്വകാര്യ മേഖലകളിലെ ഫാർമസ്യൂട്ടിക്കൽ, ഭക്ഷ്യ സംസ്കരണ, കാർഷിക വ്യവസായ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, തെലങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ ശീതീകരണ യൂനിറ്റുകൾ വേണ്ടിവരിക. വാക്സിൻ വിതരണത്തിനായുള്ള കരട് പദ്ധതി അടുത്ത ആഴ്ചയോടെ പുറത്തിറക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിൽ വികസിപ്പിച്ച ഒരു വാക്സിനും മൂന്ന് വിദേശ വാക്സിനുകളും വരുന്ന മാസങ്ങളിലായി രാജ്യത്ത് ലഭ്യമാകുമെന്നാണ് അറിയുന്നത്. രണ്ട് മുതൽ എട്ട് ഡിഗ്രി വരെയുള്ള താപനിലയിലാണ് ഇവയിൽ ചിലത് സൂക്ഷിക്കേണ്ടത്. ചില വാക്സിനുകൾ -60 മുതൽ -80 ഡിഗ്രിയിലും സൂക്ഷിക്കണം. അതിനാൽ ഭൂരിഭാഗം മരുന്നുകൾക്കും ശീതീകരണ വിതരണ ശൃംഖല ആവശ്യമാണ്.