വാഷിങ്ടൺ: ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കിയതുവഴി 50,000 കോടിയിലധികം രൂപയുടെ വരുമാനം സർക്കാർഖജനാവിനുണ്ടായെന്ന് നന്ദൻ നിലേകണി. വ്യാജ ഇടപാടുകൾ തടഞ്ഞതുവഴിയാണ് ഖജനാവിന് നേട്ടമുണ്ടായത്. വികസനത്തിന് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെന്ന വിഷയത്തിൽ ലോകബാങ്ക് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ആധാർപദ്ധതിയുടെ ചുമതലക്കാരനായിരുന്ന നിലേകണി.
രാജ്യത്ത് ഇതിനകം 100 കോടി പേർ ആധാറിൽ ബന്ധിപ്പിച്ചതായി അവകാശപ്പെട്ട അദ്ദേഹം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതോടെ വികസ്വരരാജ്യങ്ങൾക്ക് സമ്പദ്വ്യവസ്ഥയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാമെന്നും അവകാശപ്പെട്ടു.
ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി ദേശീയസുരക്ഷ, കുറ്റകൃത്യം തടയൽ, വരുമാനസംരക്ഷണം, സാമൂഹികക്ഷേമം എന്നിവ മുൻനിർത്തി സ്വകാര്യതക്ക് പരിധി നിർണയിക്കാമെന്നും പറഞ്ഞിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.