Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്തിമ കുറ്റപത്രം ഉടൻ; സർക്കാരോ എൻ.ടി.എ ഉദ്യോഗസ്ഥരോ പട്ടികയിൽ ഉണ്ടാവില്ല

text_fields
bookmark_border
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്തിമ കുറ്റപത്രം ഉടൻ; സർക്കാരോ എൻ.ടി.എ ഉദ്യോഗസ്ഥരോ പട്ടികയിൽ ഉണ്ടാവില്ല
cancel

ന്യൂഡൽഹി: മോദി സർക്കാരിനെ പിടിച്ചുകുലുക്കിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ സി.ബി.ഐ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ കുറ്റപത്രം സമർപ്പിക്കും. എന്നാൽ കേന്ദ്ര സർക്കാരിനെയോ നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻ.ടി.എ) ഏതെങ്കിലും ഉദ്യോഗസ്ഥരെയോ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കേസിൽ 13 പേരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക. എൻ.ടി.എ നിയോഗിച്ച വിഷയ വിദഗ്ധർ, കോച്ചിങ് സെന്റർ നടത്തിപ്പുകാർ, ഇടനിലക്കാർ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ 13 വ്യക്തികളുടെ പങ്ക് മാത്രമേ സി.ബി.ഐ അന്വേഷണത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് ദശലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയ കേസിന്‍റെ അന്വേഷണം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹിയിൽ നടത്തിയ സമരത്തിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കുകയും അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

“എൻ.ടി.എ ഭാരവാഹികൾ ഉൾപ്പെടെ ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ഏജൻസി തങ്ങളുടെ അവസാന കുറ്റപത്രത്തിൽ ഉൾപ്പെടുത്തില്ല. ചോദ്യപേപ്പർ ചോർച്ചയുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്വകാര്യ വ്യക്തികൾക്കപ്പുറം മറ്റാരുടെയും പങ്ക് തെളിയിക്കാനായിട്ടില്ല,” ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

മെയ് 3-ലെ നീറ്റ് പരീക്ഷാ പേപ്പറിലെ ചോദ്യങ്ങൾ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ചോർച്ച കണ്ടെത്തിയത്. ഇത് പാർലമെന്റിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും യുവാക്കൾ കോക്രോച്ച് ജനതാ പാർട്ടിയുടെ ബാനറിൽ തെരുവിലിറങ്ങുകയും അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ എൻ.ടി.എയുടെയും വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും പങ്കില്ലാതെ നീറ്റ് ചോദ്യപേപ്പർ ചോർത്താനാവില്ലെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

ചോദ്യപേപ്പർ ചോർച്ചയിലെ ആദ്യ കുറ്റപത്രം ജൂലൈ 28-നാണ് സമർപ്പിച്ചത്. എൻ.ടി.എ നിയോഗിച്ച മൂന്ന് വിഷയ വിദഗ്ധരായ ബോട്ടണി ആൻഡ് സുവോളജിക്ക് മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രിക്ക് പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്‌സിന് മനീഷ സഞ്ജയ് ഹവിൽദാർ എന്നിവരുൾപ്പെടെ 13 പേരെയാണ് ഇതിൽ പ്രതിചേർത്തിരിക്കുന്നത്. കേസിൽ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ അന്ന് പറഞ്ഞിരുന്നു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളാണെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ കൂടി ഏജൻസി പിന്നീട് അറസ്റ്റ് ചെയ്തു. ഈ മൂന്ന് വ്യക്തികളുടെ പങ്കും അന്തിമ കുറ്റപത്രത്തിൽ വിശദമാക്കും. ഏതെങ്കിലും എൻ.ടി.എ ഉദ്യോഗസ്ഥനോ മറ്റ് സർക്കാർ ഉദ്യോഗസ്ഥനോ ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തി, എന്നാൽ അത്തരം ഇടപെടലുകളൊന്നും കണ്ടെത്തിയില്ലെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സി.ബി.ഐയുടെ ആദ്യ കുറ്റപത്രം അനുസരിച്ച്, നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ തയ്യാറാക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങളിൽ എൻ.ടി.എ ഇതേ മൂന്ന് വിഷയ വിദഗ്ധരെ തന്നെ വീണ്ടും ഉപയോഗിച്ചു. അവരിലൊരാൾ ചോദ്യങ്ങൾ എഴുതുന്നത് മുതൽ വിവർത്തനം ചെയ്യുന്നത് വരെയുള്ള നാല് ഘട്ടങ്ങളിലും ഉൾപ്പെട്ടിരുന്നു. കൂടാതെ അവസാന ഘട്ടത്തിൽ പരീക്ഷയുടെ നാല് മാസ്റ്റർ ചോദ്യ സെറ്റുകളും കാണാൻ അവരെ അനുവദിക്കുകയും ചെയ്തു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പ്രവർത്തനങ്ങളിലാണ് വിദഗ്ധർക്ക് ദീർഘനേരവും തുടർച്ചയായും പ്രവേശനം അനുവദിച്ചത്.

കുൽക്കർണി കെമിസ്ട്രിയുടെ 135 ചോദ്യങ്ങളും അവയുടെ ഉത്തര ഓപ്ഷനുകളും ചെറിയ കടലാസ് കഷണങ്ങളിലേക്ക് പകർത്തി പുറത്തേക്ക് കൊണ്ടുപോയി. മന്ധാരെയും ഹവിൽദാറും ചോദ്യങ്ങളും അവയുടെ ഘടനയും മനഃപാഠമാക്കുകയും പിന്നീട് പാഠപുസ്തകങ്ങളുടെ സഹായത്തോടെ അവ പുനർനിർമ്മിക്കുകയും ചെയ്തുവെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ എൻ.ടി.എയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 17-ന് 50 എൻ.ടി.എ ജീവനക്കാരെ പിരിച്ചുവിട്ടു. പരീക്ഷാ സംഘം നവീകരിച്ചതായും, 600 വിഷയ വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ കൊണ്ടുവന്നതായും, കൂടാതെ ചോദ്യപേപ്പർ സൂക്ഷ്മപരിശോധനയ്ക്കായി നാല് തലങ്ങളുള്ള സംവിധാനം ഏർപ്പെടുത്തിയതായും എൻ.ടി.എ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government, NTA officials may not be named in CBI charge sheet over NEET-UG paper leak
Next Story