ലക്ഷദ്വീപിലെ സർക്കാർ ഭൂമികൾ മുളവേലി കെട്ടിത്തിരിക്കുന്നു
text_fieldsകൊച്ചി: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപിലെ സർക്കാർ ഭൂമികൾ മുളവേലി കെട്ടിത്തിരിക്കാൻ തീരുമാനം. സ്ഥലങ്ങൾ എവിടെയൊക്കെയാണെന്ന വിവരങ്ങൾ ലഭ്യമാക്കാൻ ഓരോ ദ്വീപിലെയും ഡെപ്യൂട്ടി കലക്ടർമാർക്ക് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ നോട്ടീസ് നൽകി. ദ്വീപ് ജനതയുടെ പ്രതിഷേധങ്ങൾക്കിടയിലും സ്മാർട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിക്ക് ഭൂവുടമകളുടെ അനുമതിയില്ലാതെ സ്ഥലം കൈയേറി കൊടിനാട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
സർക്കാർ ഭൂമിയെന്ന് അവകാശപ്പെട്ട് സ്വകാര്യവ്യക്തികളുടെ ഭൂമി വേലി കെട്ടിത്തിരിക്കുമോ എന്ന ഭയത്തിലാണ് ലക്ഷദ്വീപ് നിവാസികൾ.
അനധികൃതമെന്ന് കാണിച്ച് കവരത്തിയിൽ കടൽത്തീരത്തെ വീടുകൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയതും വിവാദമായിരുന്നു. മത്സ്യത്തൊഴിലാളി-കർഷക ഷെഡുകൾ പൊളിച്ചുനീക്കാനും ആവശ്യപ്പെട്ടിരുന്നു. ഇത് തങ്ങൾക്ക് അവകാശമുള്ള ഭൂമിയാണെന്ന് തെളിയിക്കാൻ ദ്വീപുവാസികൾ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ നടപടി. ലക്ഷദ്വീപിെൻറ ഭൂപ്രത്യേകതകൾക്ക് വിരുദ്ധമായി വൻ കെട്ടിടസമുച്ചയങ്ങൾ ഉയർത്താനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതിനിടെ, ലക്ഷദ്വീപിലെ യാത്രക്കപ്പലുകളിൽ 100 ശതമാനം പേർക്ക് യാത്രാനുമതി നൽകി കലക്ടർ എസ്. അസ്കർ അലി ഉത്തരവിറക്കി.
പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ ഇടപെടലുമായി ഭരണകൂടം
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിലെ പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ വീണ്ടും ഇടപെട്ട് ഭരണകൂടം.
കലക്ടറുടെ നിർദേശപ്രകാരം ജനങ്ങൾക്ക് വിവാദ വിഷയങ്ങളിൽ വിശദീകരണം നൽകുകയാണ് ഉദ്യോഗസ്ഥർ. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കുകയാണെന്ന പ്രചാരണമാണ് അവർ നടത്തുന്നതെന്ന് സേവ് ലക്ഷദ്വീപ് ഫോറം (എസ്.എൽ.എഫ്) കൺവീനർ യു.സി.കെ. തങ്ങൾ പറഞ്ഞു.
എന്നാൽ, ജനങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. തെറ്റിദ്ധാരണ പരത്തി ഫോറത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകൾ, മത്സ്യത്തൊഴിലാളി- കർഷക ഷെഡുകൾ എന്നിവ പൊളിച്ചുമാറ്റാൻ ഭരണകൂടം നോട്ടീസ് നൽകിയവർക്ക് എസ്.എൽ.എഫിെൻറ നേതൃത്വത്തിൽ നിയമസഹായം നൽകിവരുകയാണ്. അഡ്മിനിസ്ട്രേറ്റർ വീണ്ടും ലക്ഷദ്വീപിലെത്തുന്നതിെൻറ ഭാഗമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്നത് പ്രകാരമായിരിക്കും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. വിവാദനയങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും ഫോറം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

