ജസ്റ്റിസ് ചെലമേശ്വറിനെ തിരുത്തി സർക്കാർ
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥ മേലധികാരിക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചിട്ടും ഇൗ വിഷയത്തിൽ സുപ്രീംകോടതി നേരേത്ത പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ സുപ്രീംകോടതി കൊളീജിയം തയാറായില്ലെന്ന് സർക്കാർ. ഇത് പാലിക്കാതിരുന്നതിനാലാണ് കൊളീജിയത്തിെൻറ ജഡ്ജി നിയമന ശിപാർശ നിരസിച്ചതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിർന്ന നിയമമന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പീഡനാരോപണം നേരിട്ട പ്രിൻസിപ്പൽ ജില്ല ജഡ്ജി പി.കെ. ഭട്ടിനെ ഹൈകോടതി ജഡ്ജിയാക്കാൻ രണ്ടു വട്ടം കൊളീജിയം ശിപാർശ നൽകിയപ്പോഴും അദ്ദേഹത്തിനെതിരായ ലൈംഗികാരോപണം അവർ പരിഗണിച്ചില്ല. അതേസമയം, കൊളീജിയത്തിെൻറ ശിപാർശയിന്മേൽ ഉടൻ നടപടിയെടുക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും ഇഷ്ടമുള്ളത്രയും സമയം സർക്കാറിന് അത് പിടിച്ചുവെക്കാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൊളീജിയം ശിപാർശക്കുശേഷം ഇത്ര സമയത്തിനകം നിയമനം നടത്തണമെന്ന് ഹൈകോടതി-സുപ്രീംകോടതി ജഡ്ജി നിയമന നടപടിക്രമങ്ങളിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയിൽ സർക്കാർ ഇടപെടുന്നതിനെതിരെ ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഇൗ മാസമാദ്യം കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ ഉദ്യോഗസ്ഥെൻറ വിശദീകരണം.
സർക്കാറും ജുഡീഷ്യറിയും തമ്മിലെ ചങ്ങാത്തം ജനാധിപത്യത്തിെൻറ മരണമണിയാണെന്നും ജസ്റ്റിസ് ചെലമേശ്വർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ലൈംഗികപീഡനാരോപണമുണ്ടായാൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വൈശാഖ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കാൻ കൊളീജിയം തയാറായില്ല. രണ്ടാംവട്ടം ഭട്ടിെൻറ നിയമന ശിപാർശ ലഭിച്ചപ്പോൾ അത് കൊളീജിയത്തിനുതന്നെ മടക്കി. അപ്പോഴേക്കും പരാതിക്കാരി രാഷ്ട്രപതിക്കും പ്രധാനമന്ത്രിയുടെ ഒാഫിസിനും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് സാധാരണ നടപടിക്രമമായി കർണാടക ഹൈകോടതി രജിസ്ട്രാറോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അതാണുണ്ടായത്. ഹൈകോടതി ജഡ്ജിയോട് നേരിട്ട് അന്വേഷിക്കാൻ പറയാൻ സർക്കാറിന് കഴിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊളീജിയം നിയമന ശിപാർശ നിലനിൽക്കെ കൃഷ്ണ ഭട്ടിനെതിരെ നിയമമന്ത്രാലയത്തിെൻറ ആവശ്യപ്രകാരം കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അന്വേഷണം നടത്തുന്നതായി ജസ്റ്റിസ് ചെലമേശ്വറിെൻറ കത്തിൽ പറഞ്ഞിരുന്നു. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് എക്സിക്യൂട്ടിവിെൻറ കടമ നിറേവറ്റുന്നതായും ജസ്റ്റിസ് ചെലമേശ്വർ ആരോപിച്ചിരുന്നു.
ചെലമേശ്വറിന് പിന്തുണയുമായി ലോയേഴ്സ് യൂനിയൻ
ന്യൂഡൽഹി: ജുഡീഷ്യറിയിൽ കേന്ദ്ര സർക്കാറിെൻറ അവിഹിത ഇടപെടലിനെതിരെ രംഗത്തുവന്ന സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന് പിന്തുണയുമായി ഒാൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ. ചെലമേശ്വർ ഉന്നയിച്ച പ്രശ്നം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ യൂനിയൻ സർക്കാർ ഇടപെടലിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ മുഴുവൻ ജഡ്ജിമാരുടെയും യോഗം (ഫുൾ കോർട്) വിളിച്ച ് പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് ചെലമേശ്വർ ഉന്നയിച്ചത്. ‘‘ഹൈകോടതിജഡ്ജിമാരുടെ നിയമനങ്ങളിൽ കേന്ദ്രസർക്കാറിെൻറ നേരിട്ടുള്ള ഇടപെടലാണ് ജസ്റ്റിസ് ചെലമേശ്വർ കത്തിലൂടെ െവളിപ്പെടുത്തിയത്. സ്വതന്ത്ര ജുഡീഷ്യറി ഇപ്പോൾ അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു’’-ലോയേഴ്സ് യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര നിയമമന്ത്രാലയത്തിെൻറ ആവശ്യം അനുസരിച്ച് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി ജില്ല െസഷൻസ് ജഡ്ജി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണത്തിന് മുൻകൈയെടുത്ത നടപടി ജസ്റ്റിസ് ചെലമേശ്വർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈകോടതി ജഡ്ജി നിയമനത്തിന് കൊളീജിയം രണ്ടു തവണ ഭട്ടിനെ ശിപാർശ ചെയ്തിരുന്നു.
സുപ്രീംകോടതി കൊളീജിയം ഹൈകോടതിനിയമനത്തിന് ശിപാർശ ചെയ്ത ജുഡീഷ്യൽ ഒാഫിസർെക്കതിരെ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട നടപടി തീർത്തും അപലപനീയമാണെന്ന് ലോയേഴ്സ് യൂനിയൻ പ്രസിഡൻറ് അഡ്വ. ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജനറൽ സെക്രട്ടറി സോമദത്ത് ശർമ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
