Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ സ്കൂളുകളിൽ...

സർക്കാർ സ്കൂളുകളിൽ ഹിന്ദുത്വാചാരങ്ങൾ അടിച്ചേൽപ്പിക്കുന്നു; ഛത്തീസ്ഗഢ് സർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് മനുഷ്യാവകാശ സംഘടന

text_fields
bookmark_border
സർക്കാർ സ്കൂളുകളിൽ ഹിന്ദുത്വാചാരങ്ങൾ അടിച്ചേൽപ്പിക്കുന്നു; ഛത്തീസ്ഗഢ് സർക്കാരിന്റെ  വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് മനുഷ്യാവകാശ സംഘടന
cancel

റായ്‌പൂർ: ഛത്തീസ്ഗഢിലെ സർക്കാർ സ്കൂളുകളിൽ ഹിന്ദു മതവിശ്വാസപ്രകാരമുള്ള ആചാരങ്ങളും പ്രാർത്ഥനകളും നിർബന്ധമാക്കിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിവാദ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് മനുഷ്യാവകാശ സംഘടന. അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സാണ് (എ.പി.സി.ആർ) സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ പേരിൽ പൊതുവിദ്യാലയങ്ങളിൽ ഏകപക്ഷീയമായി മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സംഘടന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ജൂൺ 12-നാണ് ഛത്തീസ്ഗഢ് സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും പ്രതിദിന ചടങ്ങുകളുടെ ഭാഗമായി സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, ശാന്തി മന്ത്രം, നിലവിളക്ക് കൊളുത്തൽ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഉച്ചഭക്ഷണത്തിന് മുൻപായി വിദ്യാർത്ഥികൾ 'ഭോജൻ മന്ത്രം' ചൊല്ലണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. കുട്ടികളുടെ ബൗദ്ധിക വികാസത്തിനും അവരെ ഇന്ത്യൻ സാംസ്കാരിക പാരമ്പര്യങ്ങളുമായും മൂല്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനാണ് ഈ നടപടിയെന്നാണ് സർക്കാരിന്റെ വാദം.

സർക്കാരിന്റെ ഈ ഉത്തരവ് പൂർണ്ണമായും ഭരണഘടനാവിരുദ്ധമാണെന്ന് എ.പി.സി.ആർ കുറ്റപ്പെടുത്തി. സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ സാംസ്കാരിക പ്രവർത്തനങ്ങളും മതപരമായ ആചാരങ്ങളും തമ്മിലുള്ള അതിർവരമ്പുകളെ ഇല്ലാതാക്കുന്നതാണ് ഈ നടപടി.

സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ പേരിൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമാക്കുന്നത് വഴി, ഭരണകൂടം ഒരു പ്രത്യേക വിശ്വാസത്തെ പരസ്യമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് മറ്റ് വിശ്വാസങ്ങളെ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ്. തങ്ങൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് എ.പി.സി.ആർ പ്രസ്താവനയിൽ വ്യക്തമാക്കി.

മതമില്ലാത്തവർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളിലെയും കുട്ടികൾ പഠിക്കുന്ന പൊതു ഇടങ്ങളാണ് സർക്കാർ സ്കൂളുകൾ. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ ഒരു മതത്തിന്റെ ആചാരങ്ങളിലോ ചടങ്ങുകളിലോ പങ്കെടുക്കാൻ ഒരു കുട്ടിയെയും നിർബന്ധിക്കാൻ പാടില്ല. കൂടാതെ, മതപരമായ കാര്യങ്ങൾ നടപ്പിലാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സർക്കാരിന് അവകാശമില്ലെന്നും സംഘടന ഓർമ്മിപ്പിച്ചു.

ഭരണഘടനയ്ക്ക് അനുസൃതമായി വിദ്യാലയങ്ങളുടെ പ്രവർത്തനം മേൽനോട്ടം വഹിക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതുമാണ് വിദ്യാഭ്യാസ ഓഫീസർമാരുടെ ചുമതല. മതപരമായ ചടങ്ങുകൾക്ക് നിർബന്ധിക്കുന്ന ഈ വിവാദ സർക്കുലർ പിൻവലിക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയ്യാറാകണമെന്ന് എ.പി.സി.ആർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsGovernmenthindutwaChathisgrah
News Summary - Government is imposing Hindu customs in schools; Human rights organization demands withdrawal of Chhattisgarh government's order
Next Story