തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം: സുപ്രീംകോടതിയിൽ വീണ്ടും ഹരജി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണിയാണ് കോടതിയെ സമീപിച്ചത്
text_fieldsസുപ്രീംകോടതി
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനുവേണ്ടി ടി.വി.കെക്കായി സുപ്രീംകോടതിയിൽ വീണ്ടും ഹരജി. വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കാൻ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്. വിശ്വാസവോട്ടെടുപ്പിലൂടെ ടി.വി.കെക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ കഴിയില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിൽ ടി.വി.കെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടി.വി.കെയ്‌ക്ക് പിന്തുണ നൽകുമെന്ന് വി.സി.കെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രണ്ട് എം.എൽ.എമാരുടെ പിന്തുണക്കത്ത് വി.സി.കെ ഓഫിസിൽ വെച്ച് വിജയിക്ക് കൈമാറിയേക്കും.
അതേസമയം, എ.എം.എം.കെ എം.എൽ.എയുടെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന് ആരോപിച്ച് ടി.വി.കെക്കെതിരെ ടി.ടി.വി ദിനകരൻ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. എം.എൽ.എ കാമരാജ് കത്തിൽ ഒപ്പിടുന്ന ടി.വി.കെ വിഡിയോ എ.ഐ നിർമിതമാണെന്നും ദിനകരൻ ആരോപിച്ചു. കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ലീഗ് ടി.വി.കെയെ പിന്തുണക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയിയുടെ ടി.വി.കെ സമ്മർദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ). സർക്കാർ രൂപീകരണത്തിന് തങ്ങളുടെ രണ്ടു സീറ്റ് പിന്തുണ നിർണ്ണായകമായിരിക്കെയാണ് വി.സി.കെ വിലപേശൽ ശക്തമാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷമായ 118 എത്തിയിരുന്നില്ല. 234 അംഗ സഭയിൽ വിജയിക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അഞ്ച് സീറ്റുള്ള കോൺഗ്രസും രണ്ടു സീറ്റുള്ള സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതൃത്വം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വി.സി.കെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
അതേസമയം, ഏറ്റവും വലിയ ഒറ്റ കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പതിറ്റാണ്ടുകൾ നീണ്ട ശത്രുത മറന്ന് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

