കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷാക്ക് സർക്കാർ സംരക്ഷണം
text_fieldsകേണൽ സോഫിയ ഖുറേഷി, വിജയ് ഷാ
ഭോപ്പാൽ: ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ-ലിംഗവിവേചന പരാമർശം നടത്തിയെന്ന കേസിൽ മുതിർന്ന കാബിനറ്റ് മന്ത്രി കുൻവർ വിജയ് ഷായ്ക്ക് പൂർണ പിന്തുണയുമായി മധ്യപ്രദേശ് സർക്കാർ. മന്ത്രിക്കെതിരെ വിചാരണ നടത്താനുള്ള അനുമതി നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭാ ശുപാർശ ഗവർണർ മംഗുഭായ് പട്ടേലും അംഗീകരിച്ചു. ഇതോടെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ വിജയ് ഷായ്ക്ക് താൽക്കാലികമായി വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിന് ന്യായീകരണമായി അഞ്ച് പ്രധാന കാരണങ്ങളാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കാനിരിക്കുന്ന മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രസംഗത്തിൽ മന്ത്രി കേണൽ സോഫിയ ഖുറേഷിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല, സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നോ മറ്റാരെങ്കിലും നിന്നോ നേരിട്ട് പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല (ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിത്), ആരെയെങ്കിലും അപമാനിക്കാനോ അവഹേളിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെയല്ല മന്ത്രി സംസാരിച്ചത്, പ്രസംഗം വർഗീയ സൗഹാർദ്ദം തകർക്കുകയോ അത്തരം സംഘർഷങ്ങൾക്ക് വഴിവെക്കുകയോ ചെയ്തിട്ടില്ല, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി മന്ത്രി ഒന്നിലധികം തവണ പരസ്യമായി മാപ്പപേക്ഷിച്ചിട്ടുണ്ട് എന്നിവയാണ് സർക്കാരിന്റെ വാദങ്ങൾ.
2025 മെയ് മാസത്തിൽ ഇൻഡോറിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വിവാദ പ്രസംഗം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരരുടെ "സ്വന്തം സഹോദരിയെത്തന്നെ അയച്ച് മോദിജി അവരെ പാഠം പഠിപ്പിച്ചു" എന്ന രീതിയിലായിരുന്നു വിജയ് ഷായുടെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്ന കേണൽ സോഫിയ ഖുറേഷിയെ അവരുടെ മതവുമായി ബന്ധപ്പെടുത്തി നടത്തിയ ഈ പരാമർശം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചു.
തുടർന്ന് മധ്യപ്രദേശ് ഹൈകോടതി സ്വമേധയാ വിഷയത്തിൽ ഇടപെടുകയും മന്ത്രിയുടേത് "ഓടയിലെ ഭാഷ"യാണെന്ന് രൂക്ഷമായി വിമർശിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. പിന്നീട് കേസ് സുപ്രീംകോടതിയിലേക്ക് മാറുകയും സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ എന്ന് എസ്‌ഐടി വ്യക്തമാക്കിയിരിക്കെയാണ്, സംസ്ഥാന സർക്കാർ മന്ത്രിയെ പൂർണമായും സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
വിജയ് ഷായ്‌ക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വവും സംസ്ഥാന സർക്കാരും അദ്ദേഹത്തിന് പ്രതിരോധം തീർക്കുന്നത്. മധ്യപ്രദേശിലെ നിമാർ മേഖലയിൽ നിന്നുള്ള പ്രമുഖ ആദിവാസി നേതാവും എട്ടു തവണ എംഎൽഎയുമായ വിജയ് ഷാ, സംസ്ഥാനത്തെ ആദിവാസി വോട്ട് ബാങ്കിൽ നിർണായക സ്വാധീനമുള്ള വ്യക്തിത്വമാണ്. അദ്ദേഹത്തിനെതിരെ കേസെടുത്ത് മുന്നോട്ട് പോകുന്നത് പ്രതിപക്ഷത്തിന് ആയുധമാകുമെന്നും ഗോത്രവർഗ മേഖലകളിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
അതേസമയം, പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേസിൽ ഏറെ നിർണായകമാണ്. സ്ത്രീത്വത്തെയും സേനയിലെ ഉയർന്ന ഉദ്യോഗസ്ഥയെയും അപമാനിച്ച സംഭവം നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് പരാതിക്കാരും പ്രതിപക്ഷ പാർട്ടികളും. സംസ്ഥാന സർക്കാരിന്റെ ന്യായീകരണങ്ങൾ തള്ളിക്കളഞ്ഞ് സ്വതന്ത്രമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി ഉത്തരവിട്ടാൽ അത് സർക്കാരിനും മന്ത്രി വിജയ് ഷായ്ക്കും വരുംദിവസങ്ങളിൽ കനത്ത പ്രഹരമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

