യു.പിയിൽ സർക്കാർ ജിവനക്കാരെ കൊള്ളാത്തവരെന്നു കണ്ടെത്തിയാൽ ജോലി പോകും
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 50 പിന്നിട്ട ജീവനക്കാർ ജോലിക്കു കൊള്ളാത്തവരെന്നു ബോധ്യപ്പെട്ടാൽ നിർബന്ധിത വിരമിക്കൽ പരിഗണനയിൽ. കഴിഞ്ഞദിവസം യു.പി അഡീഷനൽ ചീഫ് സെക്രട്ടറി മുകുൾ സിംഗാൾ വകുപ്പ് അധ്യക്ഷന്മാർക്ക് അയച്ച ഉത്തരവിലാണ് 50 പൂർത്തിയാക്കിയ, കാര്യക്ഷമതയില്ലാത്ത ജോലിക്കാരുടെ കണക്കെടുപ്പിന് നിർദേശിച്ചത്.
കഴിഞ്ഞ മാർച്ച് 31ന് 50 വയസ്സ് പൂർത്തിയാക്കിയവരെയാണ് നിർബന്ധിത വിരമിക്കലിന് പരിഗണിക്കുക. താൽക്കാലിക, സ്ഥിരം ജീവനക്കാർക്ക് സ്വമേധയാ വിരമിക്കാനും അവസരമുണ്ട്. 16 ലക്ഷം സർക്കാർ ജീവനക്കാരുള്ള യു.പിയിൽ ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തൊഴിലാളികളെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും അത് പൊറുപ്പിക്കില്ലെന്നും യു.പി സെക്രേട്ടറിയറ്റ് എംേപ്ലായിസ് അസോസിയേഷൻ പ്രസിഡൻറ് യാദവേന്ദ്ര യാദവ് പറഞ്ഞു. അടിയന്തര യോഗം ചേർന്ന് ഉത്തരവിനെതിരെ സമരപരിപാടികൾ ആസൂത്രണംചെയ്യാനാണ് നീക്കം.
1986ൽ സംസ്ഥാനത്ത് നിലവിൽവന്ന നിയമം ശക്തമായി നടപ്പാക്കാൻ 1989, 2000, 2007 വർഷങ്ങളിൽ ഉത്തരവിറങ്ങിയെങ്കിലും പ്രയോഗത്തിൽ വരുത്താനായിരുന്നില്ല. എന്നാൽ, ജൂലൈ 31നുമുമ്പ് കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഏറ്റവുമൊടുവിലെ നിർദേശം. 50 പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും പ്രവർത്തനം വിലയിരുത്തും. സർക്കാർ മേഖലയിൽ 50 വയസ്സ് കഴിഞ്ഞ നാലു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
