ജീവവായു നല്കിയ കഫീലിനെ വേട്ടയാടിയവരുടെ രോഗം
text_fieldsമുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ആർ.ഡി മെഡിക്കല്‍ കോളജില്നിന്നിറങ്ങുമ്പോള് അപകടസൂചനയായി തെളിഞ്ഞിരുന്ന ചുമന്ന ലൈറ്റ് പിറ്റേന്ന് അണഞ്ഞു; ഓക്സിജന്‍ നിലച്ചു... അവലോകനയോഗം കഴിഞ്ഞ് യോഗി ആദിത്യനാഥ് ലഖ്നോവിലെത്തിയിട്ടും 68 ലക്ഷം രൂപ കുടിശ്ശിക അടക്കാത്തതിന് രണ്ടു ദിവസം ഏജന്‍സി വിതരണം നിര്‍ത്തിവെച്ച ഓക്സിജെൻറ കാര്യത്തില്‍ നടപടിയൊന്നുമെടുത്തില്ല. പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മമാര്‍ തങ്ങളെന്തു ചെയ്യണമെന്ന് നിലവിളിച്ചപ്പോൾ 100ാം വാര്‍ഡിെൻറ ചുമതലയുള്ള ഡോ. കഫീല്‍ ഖാൻ ഒരു നിമിഷം പതറി. പരിചയത്തിലുള്ള ഡോക്ടര്‍മാരെ വിളിച്ച് അവരുള്ള ആശുപത്രികളില്‍നിന്ന് സ്വന്തം പണം കൊടുത്ത് ഓക്സിജന്‍ വരുത്തിച്ചു. ആ പകല്‍ ആശുപത്രിയിലുണ്ടായിരുന്ന ഗോരഖ്പുരിലെ മുതിര്‍ന്ന പത്രപ്രവര്ത്തകൻ മനോജ് സിങ്ങാണ് ഇക്കാര്യം പറഞ്ഞത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരമ്മ കുഞ്ഞിനെയുമെടുത്ത് ഓടിവന്നത്. കുഞ്ഞിനെ മാറോടു ചേര്‍ത്ത് കഫീല്‍ ഐ.സി.യുവിലേക്ക് കയറിപ്പോയത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. മാധ്യമങ്ങൾ പകര്‍ത്തിയ ഈ ദൃശ്യമാണ് പിന്നീട് കഫീലിെൻറ മനുഷ്യസ്നേഹത്തിെൻറ നിദര്‍ശനമായി വൈറലായത്. വൈകുന്നേരമായപ്പോഴേക്കും കഫീലിനെ നൂറാം വാര്‍ഡിെൻറ ചുമതലയില്‍നിന്ന് മാറ്റിയെന്ന വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടിയെന്ന് മനോജ് പറഞ്ഞു.

ഒപ്പം, കഫീലിനെതിരായ പ്രചാരണങ്ങളുടെ ഘോഷയാത്രയും തുടങ്ങി. ഓക്സിജെൻറയും സിലിണ്ടറുകളുടെയും ചുമതലയില്ലാത്ത കഫീല്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്നും അത് തീര്‍ന്നപ്പോള്‍ ആശുപത്രിയില്‍ തിരികെ കൊണ്ടുവന്നുവെച്ചതാണെന്നുമൊക്കെ നുണകളിട്ടത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളില്നിന്നായിരുന്നു. കഫീലിനെതിരായ പ്രചാരണങ്ങളുടെ തുടക്കം നാഗ്പുരില്‍ നിന്നായിരുന്നു. സംഘ്പരിവാറിെൻറ സൈബര്‍ ചാവേറുകള്‍ നടത്തിയ ഈ പ്രചാരണമാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഒന്നൊന്നായി പറഞ്ഞ, കഫീലിനെക്കുറിച്ച് ഒരു അപരാധവും ആരോപിക്കാത്ത റിപ്പോര്‍ട്ടിലൂടെ കള്ളമാണെന്ന് വന്നത്.
യോഗിയുടെ ആളുകള്‍ പ്രചരിപ്പിച്ചപോലെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി കയറി സ്ഥിരനിയമനം നേടിയ ആളല്ല കഫീൽ. പബ്ലിക് സര്‍വിസ് കമീഷന് പരീക്ഷയെഴുതി സ്ഥിരനിയമനം ലഭിച്ച് അസിസ്റ്റൻറ് പ്രഫസറായതാണ്. 100ാം വാര്ഡിെലത്തുന്ന രോഗികളുടെ ചികിത്സയുടെ കാര്യങ്ങളായിരുന്നു കഫീലിെൻറ ഉത്തരവാദിത്തം. കഫീലിനെ എന്തിനാണ് മാറ്റിയത്? മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ.കെ. ഗുപ്തയോ യോഗി സര്‍ക്കാറോ ഇതുവരെ ഇൗ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹം കാണിച്ച അങ്ങേയറ്റത്തെ മനുഷ്യത്വത്തിന് ദൃക്സാക്ഷികളായതുകൊണ്ടാണ് ഗോരഖ്പുരിലെ മാധ്യമപ്രവര്‍ത്തകര്‍ കഫീല്‍ ഖാനെതിരെ ഒരക്ഷരമുരിയാടാത്തതെന്ന് മനോജ് സിങ് പറഞ്ഞു.
ഗോരഖ്പുരിലെ നയീ ബീമാരിയേക്കാള് അപകടകരമായ രോഗമാണിത്. അന്ന് പകല്‍ മുഴുവന്‍ ഓടിത്തളര്‍ന്ന് പടിയിറങ്ങിപ്പോയതാണ് കഫീല്‍ ഖാൻ. പിന്നീട് ബി.ആർ.ഡി മെഡിക്കല്‍ കോളജ് വളപ്പിലേക്ക് ആ മനുഷ്യന് വന്നിട്ടില്ല. ഇനി ആ വഴിക്കില്ലെന്നാണ് കഫീലുമായി സംസാരിച്ചപ്പോള്‍ പറയുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
