ഗോപാൽപൂർ കൂട്ടബലാത്സംഗ കേസ്: ലൈംഗികാതിക്രമം അന്വേഷിക്കാൻ അഞ്ചംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗോപാൽപൂർ കൂട്ടബലാത്സംഗ കേസ് അന്വേഷിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അഞ്ച് അംഗ വസ്തുതാന്വേഷണ സംഘത്തെ രൂപീകരിച്ചു. ബംഗാളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാവ് ദീപ ദാസ് മുൻഷിയെ സംഘത്തിന്റെ കൺവീനറായി നിയമിച്ചു.
ജൂൺ 15നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ബെർഹാംപൂർ പട്ടണത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ ബീച്ചിൽ 20 വയസ്സുള്ള കോളജ് വിദ്യാർഥിയെ പത്തുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് അവളിൽ നിന്ന് 1000 രൂപ തട്ടിയെടുക്കുകയായിരുന്നു. പത്ത് പ്രതികളിൽ നാലു പേർ പ്രായപൂർത്തിയാവാത്തവരാണ്. കേസിൽ എല്ലാവരെയും അറസ്റ്റ് ചെയ്തു. ആക്രമണത്തിനു ശേഷം പണമായും യു.പി.ഐ വഴിയും പ്രതികൾ ഇരയിൽനിന്നും അവളുടെ ആൺ സുഹൃത്തിൽ നിന്നും 1,000 രൂപ തട്ടിയെടുത്തതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ബി.ടെക് പഠനം ഉപേക്ഷിച്ച പ്രധാന പ്രതി ബംഗളൂരുവിൽ നിന്നാണ് ഒഡീഷയിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ്. രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ച കൂട്ടബലാത്സംഗ കേസ് നിലവിൽ ക്രൈംബ്രാഞ്ച് സി.ഐ.ഡി അന്വേഷിക്കുകയാണ്.
ഗോപാൽപൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭയാനകമായ ബലാത്സംഗ സംഭവത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിന്റെയും കാണാതാകുന്ന സ്ത്രീകളുടെ എണ്ണം ആശങ്കാജനകമായതിന്റെയും സാഹചര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് ഒഡിഷ സന്ദർശിച്ച് സ്ഥിതിഗതികളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് എ.ഐ.സി.സി പത്രക്കുറിപ്പിൽ പറഞ്ഞു.
സംഘം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. എം.പിമാരായ രഞ്ജിത് രഞ്ജൻ, പ്രണിതി ഷിൻഡെ, എസ്. ജ്യോതിമണി, പാർട്ടിയുടെ പ്രമുഖ വനിതാ നേതാവ് ശോഭ ഓസ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ജൂലൈ രണ്ടാംവാരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒഡിഷ സന്ദർശിക്കുമെന്ന് ഒഡിഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസ് ഭുവനേശ്വറിൽ ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയോടൊപ്പം സംസ്ഥാനം സന്ദർശിക്കും. സന്ദർശന വേളയിൽ ഒഡിഷയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വിഷയം അവർ ഉയർത്തിക്കാട്ടും.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് ബിജു ജനതാദൾ വെള്ളിയാഴ്ച ആരോപിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം രാജ്യത്ത് എട്ടാം സ്ഥാനത്താണ്. ക്രമസമാധാന നില മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുന്നത് നല്ലതായിരിക്കുമെന്നും മുൻ മന്ത്രി പ്രമീള മല്ലിക് പറഞ്ഞു.
‘സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം എന്ന് ഭുവനേശ്വർ മേയർ സുലോചന ദാസ് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 3,054 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.ഡി ആരോപിച്ചു.
പ്രതികളിലെ പ്രായപൂർത്തിയാകാത്തവരുടെ പ്രായം നിർണയിക്കാൻ അവരുടെ ഓസിഫിക്കേഷൻ പരിശോധന നടത്താൻ പോകുന്നുവെന്നും പരിശോധനക്ക് ആവശ്യമായ ഡി.എൻ.എ സാമ്പിളുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും ബെർഹാംപൂരിലെ എം.കെ.സി.ജി ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

