You are here
കാമുകിയുടെ ചെലവ് താങ്ങുന്നില്ല; ഗൂഗ്ൾ എഞ്ചിനീയർ പണം മോഷ്ടിച്ചു
ന്യൂഡൽഹി: കാമുകിയുടെ ചെലവ് താങ്ങാനാവാത്തതിനെ തുടർന്ന് പണം മോഷ്ടിച്ച ഗൂഗ്ൾ എഞ്ചനീയറെ പൊലീസ് പിടികൂടി. ഹരിയാനയിെല അമ്പാല സ്വദേശി ഗർവിത് സഹ്നി എന്ന 24കാരനാണ് കാമുകിയുടെ ചെലവ് വഹിക്കുന്നതിനു വേണ്ടി പണം മോഷ്ടിച്ചത്.
സെപ്തംബർ 11നായിരുന്നു സംഭവം. ഡൽഹിയിലെ താജ് പാലസിൽ മൾട്ടി നാഷണൽ കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സമ്മേളനം െഎ.ബി.എം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിനിടെ ദേവയാനി ജെയ്ൻ എന്ന വ്യക്തിയുടെ 10,000 രൂപ നഷ്ടപ്പെട്ടതായി പരാതി കിട്ടി. തുടർന്ന് പൊലീസ് ഹോട്ടലിലെ സി.സി.ടി.വി പരിശോധിക്കുകയും മോഷ്ടവിനെ കണ്ടെത്തി. ഇയാളാരാണെന്ന് സമ്മേളന ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് വ്യക്തമാവുകയും ചെയ്തു.
പിന്നീട് ഇയാൾ ഹോട്ടലിലെത്തിയ ടാക്സി കാർ കണ്ടുപിടിച്ച് ടാക്സി ഡ്രൈവറെ വിളിച്ച ഫോൺ നമ്പർ ശേഖരിച്ചു. ഇൗ നമ്പർ ഇയാൾ സ്വിച്ച് ഒാഫ് ചെയ്തിരുന്നെങ്കിലും പുതിയ നമ്പർ കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
താൻ സാമ്പത്തിക പ്രതിസന്ധിയിലാെണന്നും കാമുകിയുടെ ചെലവ് വാഹിക്കാൻ പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച പണത്തിലെ 3000 രൂപ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.