കാളകളും പോത്തും നടക്കുന്ന ആന്ധ്രയിലെ തർലുവാഡ ഗ്രാമത്തിലേക്ക് ഗൂഗിൾ വരുന്നു 15 ബില്യൻ ഡോളറിന്റെ പദ്ധതിയുമായി; തലവര മാറിയ കാർഷികഗ്രാമത്തിന് വൻ പ്രതീക്ഷ
text_fieldsവിശാഖപട്ടണം: വിശാഖപട്ടണത്തുനിന്ന് 35 കിലോമീറർ ദൂരെയാണ് തർലുവാഡ ഗ്രാമം. വൻ ഫാക്ടറികളോ ബിസിനസ് സെന്ററുകളോ ഒന്നുമില്ലാത്ത ഒരു തനി കാർഷികഗ്രാമം. ആകെയുള്ളത് ഒരു ഹൈസ്കൂളാണ്. എന്നാൽ ഇരുട്ടിവെളുക്കുമ്പോഴേക്കും തലവര മാറിയതുപോലെയായി ഇന്നീ ഗ്രാമം. നല്ല റോഡുകൾ പോലുമില്ലാത്ത ഈ ഗ്രാമം ലോകം ഉറ്റുനോക്കുന്ന എ.ഐ കേന്ദ്രമാകാൻ പോകുന്നു. ഗൂഗിൾ കമ്പനി തങ്ങളുടെ 15 ബില്യൻ ഡോളറിന്റെ പദ്ധതി ഇവിടെ തുടങ്ങിക്കഴിഞ്ഞതോടെ പലതും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു ഈ കുഗ്രാമം.
ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്റർ മാത്രൽ അകലെയാണെങ്കിലും ഇവിടെ നിലവിൽ ഒരു ഏകർ കൃഷിഭൂമിക്ക് 17 ലക്ഷം രൂപ മാത്രമാണ് വില. അത് ഇന്ന് 50 ലക്ഷം രൂപയായി ഉയർന്നു. തർലുവാഡ, അടവിവാരം, റംബില്ലി എന്നീ ഗ്രാമങ്ങളിൽ നിന്നായി 500 ഏക്കർ ഭൂമിയാണ് ഗൂഗിളിനായി സർക്കാർ കണ്ടെത്തി നൽകുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഗവൺമെന്റ് നല്ല വിലയും നൽകുന്നു. മൊത്തം 50 ലക്ഷം രൂപ ഒരു ഏക്കറിന്. കൂടാതെ കുടുംബതിന് താമസിക്കാൻ 20 സെന്റ് ഭൂമി. ഷോപിങ് കോംപ്ലക്സിൽ ഒരു കട. ഗൂഗിൾ വരുമ്പോൾ ലഭിക്കാവുന്ന അനുബന്ധ തൊഴിലിലും ഇവർക്ക് പങ്കാളിയാകാം.
ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊജക്ടാണ് ഇത്. തന്നെയുമല്ല ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപവുമാണിത്. ഗൂഗിളിന്റെ ഇന്ത്യൻ സബ്സിഡിയറി ആയ റെയ്ഡൻ ഇൻഫോടെക് ആണ് ഈ പ്രോജക്ട് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒരു ഭാഗം ഇവിടത്തെ പുനരുത്പാദന ഊർജജ ഉത്പാദനത്തിനായിരിക്കും വിനിയോഗിക്കുക.
കർഷകർക്ക് തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെടുന്നതിൽ വിഷമമുണ്ടെങ്കിലും വരും തലമുറയുടെ ഭാവിയും നാടിന്റെ മുഖച്ഛായ മാറാൻ പോകുന്നതും ഇവർക്ക് വലിയ സന്തോഷം പകരുന്നു.
ഹൈവേ സൈഡിൽ ഭൂമിക്ക് ഏക്കറിന് രണ്ടരക്കോടി വിലയുണ്ടായിരുന്നത് ഇന്ന് നാല് കോടിയായി ഉയർന്നു. ആഗോള മാപ്പിലേക്ക് തങ്ങളുടെ ഗ്രാമം ഉയരുന്നു എന്നതാണ് ഇവർക്ക് വൻ പ്രതീക്ഷ നൽകുന്നത്. റംബിളി ഗ്രാമത്തിലെ സ്ഥലം നേവൽ ബേസിന് അടുത്തായതിനാൽ അവരുടെ ക്ലിയറൻസ് ആവശ്യമായി വരും. മറ്റൊരു സ്ഥലം സിംഹാചലം ദേവസ്ഥാനത്തിന്റെതാണ്. നിലവിൽ ഹൈസ്കൂൾ മാത്രമുള്ള സ്ഥലമാണിത്. ഒരു ജൂനിയർ കോളജിനുപോലും ദൂരെയുള്ള സ്ഥലങ്ങളെ ആശ്രയിക്കണം.
ഇവിടെ ഡേറ്റാ സെൻറർ കാമ്പസ് ആയിരിക്കും ഗൂഗിൾ പടുത്തുയർത്തുക. ഇന്ത്യയിൽ പടർന്നുകയറുന്ന ഗൂഗിളിന്റെ ഡിജിറ്റൽ സേവനങ്ങൾക്കു വേണ്ട ജിഗാവാട്ട് ലെവലിലുള്ള കമ്പ്യൂട്ടർ കപ്പാസിറ്റി ഇവിടെയായിരിക്കും പടുത്തുയർത്തുക. തുടർന്ന് 12 രാജ്യങ്ങളിലായി വികസിക്കുന്ന ഗൂഗിളിന്റെ നെറ്റ്‍വർക്കുകളുമായി ഈ സെന്റർ ബന്ധിപ്പിക്കപ്പെടും. അങ്ങനെ വിശാഖപട്ടണം ഗൂഗിളിന്റെ എ.ഐ ഹബ്ബായിട്ടാകും മാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

