ഇന്ത്യയുടെ ഇതിഹാസ നടിയും നർത്തകിയുമായ സോറ സെഹ്ഗാളിൻെറ ഓർമ പുതുക്കി ഗൂഗ്ൾ ഡൂഡ്ൾ. 1946 സെപ്റ്റംബർ 29നായിരുന്നു അവർ അഭിനയിച്ച 'നീച്ച നഗർ' കാൻ സിനിമ ഫെസ്റ്റിവലിൽ റിലീസ് ചെയ്തത്. ആ ദിവസം അവരുടെ ഡൂഡ്ൾ ഒരുക്കിയാണ് ഗൂഗ്ൾ ഓർമ പുതുക്കിയത്.
ഖാജ അഹ്മദ് അബ്ബാസിൻെറയും ഹയാത്തുല്ല അൻസാരിയുടെയും തിരക്കഥയിൽ ചേതൻ ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'നീച്ച നഗർ'.
1935ല്‍ ഉദയശങ്കറിനൊപ്പം നൃത്തത്തിലൂടെയാണ് സോറ സെഹ്ഗാൾ കലാ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട്, ബോളിവുഡ് സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടി. കൂടാതെ ടി.വി സീരിയലുകളിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചുണ്ട്. 1998ല്‍ പത്മശ്രീയും 2010ല്‍ പത്മവിഭൂഷണും നല്‍കി സോറ സെഹ്ഗാളിനെ രാഷ്ട്രം ആദരിച്ചു.
2001ല്‍ കാളിദാസ സമ്മാനവും 2000ത്തില്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സഹാറംപൂര്‍ സ്വദേശിയാണ് സോറ സെഹ്ഗാൾ. 2014ൽ 102ാം വയസിലാണ് വിടവാങ്ങിയത്.