റായ്പുർ: ഛത്തിസ്ഗഢിൽ മാവോവാദികൾ റെയിൽപാളം തകർത്തതിനെ തുടർന്ന് ചരക്കുവണ്ടി മറിഞ്ഞു. സംഭവത്തിൽ 24 വാഗണുകളും മൂന്നു എൻജിനുകളും അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ റായ്പുരിൽനിന്ന് 460 കിലോമീറ്റർ തെക്ക് ദേന്തവാഡ ജില്ലയിലെ വനപ്രദേശത്ത് കിരൻഡുൽ-വിശാഖപട്ടണം പാതയിലാണ് സംഭവം. ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് ട്രെയിൻ പാളംതെറ്റിയത്.
അപകടത്തിൽ എൻജിൻ ഡ്രൈവർ അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ബോഗികളിലും സമീപത്തെ മരങ്ങൾക്കും മുകളിൽ മാവോവാദികൾ ലഘുലേഖകൾ ഒട്ടിച്ചിട്ടുണ്ട്. ഡ്രൈവറും ഗാർഡും ആശയവിനിമയം നടത്താൻ ഉപേയാഗിക്കുന്ന വയർലെസ് ഉപകരണങ്ങൾ അക്രമികൾ കൊണ്ടുപോയി. സംഭവസ്ഥലത്തേക്ക് സുരക്ഷ സൈനികരും റെയിൽവേ ജീവനക്കാരും എത്തിയിട്ടുണ്ട്. പാളങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടന്നുവരുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 26 മുതൽ ജൂലൈ രണ്ടു വരെ മാവോവാദികൾ ആചരിക്കുന്ന ‘അടിച്ചമർത്തൽ വിരുദ്ധ വാര’ത്തിെൻറ മുന്നോടിയായാണ് അട്ടിമറിയെന്ന് പൊലീസ് പറഞ്ഞു. മുൻകരുതലിെൻറ ഭാഗമായി ഇൗ കാലയളവിൽ ഇതുവഴിയുള്ള യാത്രാട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു.
മാവോവാദികൾ നിരന്തരം നടത്തിവരുന്ന ബന്ദും പ്രതിഷേധ പരിപാടികളും ആന്ധ്രയിലെ വിശാഖപട്ടണത്തിനും ദേന്തവാഡക്കടുത്ത കിരൻഡുലിനും ഇടയിൽ ഗതാഗതത്തെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.