Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡപടകങ്ങളിൽ പെട്ടവരെ...

റോഡപടകങ്ങളിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 പാരിതോഷികം നൽകുന്ന പദ്ധതി; അഞ്ച് വർഷത്തിനിടയിൽ ലഭിച്ചത് 813 പേർക്ക് മാത്രം

text_fields
bookmark_border
റോഡപടകങ്ങളിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 പാരിതോഷികം നൽകുന്ന പദ്ധതി; അഞ്ച് വർഷത്തിനിടയിൽ ലഭിച്ചത് 813 പേർക്ക് മാത്രം
cancel

ന്യൂഡൽഹി: റോഡപടകങ്ങളിൽ പരിക്കേറ്റവരെ ഗോൾഡൻ അവർ എന്ന ആദ്യ അറുപത് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നവർക്ക് നല്ല സമരിതനുള്ള 25,000 രൂപ പാരിതോഷികം നൽകുന്നൊരു പദ്ധതി രാജ്യത്തുണ്ട്. എന്നാൽ റോഡപകടങ്ങൾ വർധിച്ചു വരുന്ന സമയത്തും ഈ പദ്ധതിയിൽ ജന പങ്കാളിത്തം കുറഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റോഡ് ഗതാഗത മന്ത്രാലയം വ്യാഴാഴ്ച ലോക്‌സഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം, 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ 813 പേർക്ക് മാത്രമാണ് ഈ പദ്ധതിയിലൂടെ പാരിതോഷികം ലഭിച്ചിട്ടുള്ളത്. നൽകിയതാകട്ടെ വെറും 15 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും മാത്രം.

2021 ഒക്ടോബറിൽ ഗതാഗത മന്ത്രാലയം ആരംഭിച്ച ഈ പദ്ധതിയിൽ നേരത്തെ 5,000 രൂപയായിരുന്നു പാരിതോഷികം. അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവൻ രക്ഷിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനുമാണ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ഏർപ്പെടുത്തിയത്.

കണക്കുകൾ പ്രകാരം 2021-22ൽ 77 പേർക്കും, 2022-23ൽ 75 പേർക്കും, 2023-24ൽ 384 പേർക്കും, 2024-25ൽ 177 പേർക്കും, 2025-26ൽ 100 പേർക്കും മാത്രമാണ് നല്ല സമരിതൻ അവാർഡ് ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഈ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയപ്പോൾ, പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ റോഡപകട മരണങ്ങളുടെ മൂന്നിൽ രണ്ടും നടക്കുന്നത് ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ്. ഇതിൽ രണ്ട് സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ പദ്ധതിയുടെ ആനുകൂല്യം ആർക്കും ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ എട്ട് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് പാരിതോഷികം നൽകിയത് രാജസ്ഥാനാണ് (224 പേർ). ബിഹാർ (95), മധ്യപ്രദേശ് (54), ഉത്തർപ്രദേശ് (35), ആന്ധ്രാപ്രദേശ് (23), തമിഴ്‌നാട് (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകൾ.

2024ൽ ആകെ 1.77 ലക്ഷം ആളുകളാണ് റോഡപകടങ്ങളിൽ മരിച്ചത്. 2023-ൽ 4.80 ലക്ഷം അപകടങ്ങളിലായി 1.73 ലക്ഷം പേർ മരിച്ചിരുന്നു. ഇതിനേക്കാൾ 2.31 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നല്ല സമരിതൻ: പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ

റോഡുകളിൽ ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണ് കാഴ്ചക്കാരായ സഹായഹസ്തങ്ങൾ. റോഡപകട സ്ഥലത്ത് ആദ്യം എത്തുന്നവരിൽ പ്രധാനികളും ഇവരാണ്. സംസ്ഥാനങ്ങളിൽ പാരിതോഷിക ലഭിച്ചവരുടെ എണ്ണം കുറയാനുള്ള കാരണം സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, പൊലീസ് അല്ലെങ്കിൽ ആശുപത്രി ചോദ്യം ചെയ്യൽ, പേപ്പർവർക്കുകൾ, വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തൽ, തുടർനടപടികൾ എന്നിവയെക്കുറിച്ചുള്ള ഭയം കാരണം ആളുകൾ സഹായിക്കാൻ മടിക്കുന്നു എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

2016 മാർച്ച് 30ലെ സുപ്രധാന ഉത്തരവിലൂടെ സുപ്രീം കോടതി നല്ല സമരിതൻമാരുടെ അവകാശങ്ങൾ അംഗീകരിക്കുകയും, നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന-ജില്ലാതല പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പത്ത് വർഷമായിട്ടും പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കുന്നതിൽ വളരെ മന്ദഗതിയിലാണ്. 2024ലെ 1.77 ലക്ഷം മരണങ്ങളിൽ മൂന്നിൽ രണ്ടും നടക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ, മഹാരാഷ്ട്രയിലും കർണാടകയിലും മാത്രമാണ് നല്ല സമരിതൻമാർക്കായി പരാതി പരിഹാര സംവിധാനമുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നാല് സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനങ്ങളില്ല, മറ്റ് രണ്ട് സംസ്ഥാനങ്ങൾ സുപ്രീം കോടതിക്ക് ആവശ്യമായ വിവരങ്ങൾ നൽകിയിട്ടുമില്ല.

മൊത്തത്തിൽ കോടതി ഉത്തരവ് വന്നിട്ടും എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമേ നല്ല സമരിതൻമാരുടെ പരാതികൾ പരിഹരിക്കാൻ നിയമം നടപ്പിലാക്കിയിട്ടുള്ളൂ. 2021-ലെ നീതി ആയോഗ്-എയിംസ് എമർജൻസി ആന്‍റ് ഇഞ്ചുറി കെയർ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ അപകട മരണങ്ങളിൽ കുറഞ്ഞത് 30 ശതമാനവും അത്യാഹിത ചികിത്സ വൈകുന്നത് മൂലമാണ് സംഭവിക്കുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ജൂലൈ മാസത്തിൽ പാരിതോഷകത്തിന് പണം നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് 25 ലക്ഷം രൂപയുടെ പ്രാരംഭ ഗ്രാന്‍റോടെ 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് മന്ത്രാലയം ഈ പദ്ധതി നീട്ടിയിരുന്നു. അപകട ഐ.ഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അടങ്ങിയ അപേക്ഷ ലഭിച്ചതിന് ശേഷം പരിശോധിച്ചാണ് നല്ല സമരിതർക്ക് ാ പാരിതോഷിക തുക കൈമാറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rewardsIndia NewsAccidentsGood Samaritans
News Summary - good samaritan project
Next Story