ന്യൂഡൽഹി: മുൻ പഞ്ചാബ് പാർട്ടി അധ്യക്ഷൻ സുനിൽ ജാക്കർ കോൺഗ്രസ് വിട്ടു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം തന്‍റെ തീരുമാനം അറിയിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിരം ഉദയ്പൂരിൽ നടക്കുന്നതിനിടയിലാണ് സുനിൽ ജാക്കർ പാർട്ടി വിടുന്ന വിവരം അറിയിച്ചത്.
പാർട്ടി നേതൃത്വത്തിനോടുള്ള തന്‍റെ കടുത്ത അതൃപ്തി അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പ്രകടിപ്പിച്ചു. കോൺഗ്രസ് അച്ചടക്കസമിതി അംഗങ്ങളായ താരിഖ് അൻവർ, ജെ.പി അഗർവാൾ, അംബിക സോനി എന്നിവർക്കെതിരെയും രൂക്ഷമായ വിമർശനം ഉന്നയിച്ചു.
അച്ചടക്ക ലംഘനം നടത്തിയതിന് കഴിഞ്ഞ ഏപ്രിൽ 11 ന് ജാക്കറിനും കെ.വി തോമസിനും കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജാക്കർ വിശദീകരണം നൽകിയിരുന്നില്ല.
തനിക്ക് കോൺഗ്രസുമായി 50 വർഷത്തെ ബന്ധമുണ്ടെന്നും കോൺഗ്രസിന്‍റെ അടിമയല്ലെന്നും അച്ചടക്കമുള്ള പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്ക്ക് നല്ലത് വരട്ടെയെന്ന് ആശംസിച്ചാണ് ജാക്കർ പാർട്ടി വിട്ടത്.