ഏതു കാറും നിമിഷങ്ങൾക്കകം പൊക്കും; ഹൈടെക് കള്ളന്മാർക്ക് കൂട്ട് ചെനീസ് ടൂൾകിറ്റ്
text_fieldsഡൽഹി: നിക്കോളാസ് കേജും എയ്ഞ്ചലീന ജോളിയും തകർത്തഭിനയിച്ച കാർ മോഷ്ടാക്കളുടെ കഥ പറഞ്ഞ ഗോൺ ഇൻ 60 സെക്കന്‍റ്സിനെ അനുസ്മരിപ്പിക്കുകയാണ് നോയിഡയിൽ പിടിയിലായ ഒരു കൂട്ടം മോഷ്ടാക്കൾ. കാർ മോഷണമാണെങ്കിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കേട്ടാൽ ഞെട്ടും. കീ പ്രോഗ്രാമറുകൾ, ജി.പി.എസ് ജാമറുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഏതു മോഡൽ കാറും ഇവർ തുറക്കും.
ഇന്‍റർനെറ്റിലൂടെയാണ് അത്യാധുനിക ഉപകരണങ്ങൾ വഴി കാറുകളുടെ ലോക്കിങ്ങ് തുറക്കാന്‍ ഇവർ പഠിച്ചത്. തുടർന്ന് വിവിധ വെബ് സൈറ്റുകളിൽ നിന്ന് ഒാൺ ലൈനായി മോഷണത്തിനുള്ള ഉപകരണങ്ങൾ വാങ്ങി.
15 വർഷമായി ഡൽഹി രാജസ്ഥാൻ ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി വാഹനങ്ങൾ മോഷ്ടിച്ച് വന്നിരുന്ന ആറംഗ സംഘത്തെയാണ് നോയിഡ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത് .മഥുര സ്വദേശികളായ രവി ഏലിയാസ്, ഭൂപ് സിങ് , വിപിൻ, രാജസ്ഥാൻ സ്വദേശികളായ സുജാൻ, ലക്ഷ്മി നാരായണൻ, ഉത്തർ പ്രദേശ് സ്വദേശിയായ സർവേഷ് സിങ് , മധ്യപ്രദേശിൽ നിന്നുള്ള തോമർ എന്നിവരാണ് പിടിയിലായവർ. പൊലീസെത്തിയതിനെ തുടർന്ന് സംഘത്തിലെ മറ്റ് നാലു പേർ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ കീ പ്രോഗ്രാമറാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. x100 എന്ന് വിളിക്കുന്ന ടൂൾ കിറ്റും, ജി.പി.എസ് ജാമറുകളും ചൈനയിൽ നിന്നൂം ഇറക്കുമതി ചെയ്തു. കീ പ്രോഗ്രാമർ വാഹനങ്ങളിലെ എഞ്ചിൻ ഇമ്മൊബിലൈസർ സോക്കറ്റിൽ ഒാൺലൈനിലൂടെ കണക്ട് ചെയ്യും തുടർന്ന് കോഡുകൾ അയച്ച് ലോക്കുകൾ അഴിക്കും. വെബ്സൈറ്റിൽ ഏല്ലാ വാഹനങ്ങളുടെയും കോഡുകളുടെ വിവരങ്ങൾ ഉണ്ടെന്നും അറസ്റ്റിലായ പ്രതികളിലൊരാൾ രവി പറഞ്ഞു.
മോഷണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളും സ്പാനറുകളും പൊലീസ് കണ്ടെടുത്തു. മോഷ്ടാക്കളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് ഹാജിപ്പൂർ ഇന്‍റർസെക്ഷനിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഘത്തെ വലയിലാക്കിയത്. മോഷ്ടിച്ച ഹ്യൂണ്ടായി ക്രേറ്റ കാറിൽ പോവുകയായിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടുകയായിരുന്നുവെന്ന് ഗൗതം ബുദ് നഗർ പൊലീസ് സൂപ്രണ്ട് ലൗ കുമാർ പറഞ്ഞു. തുടർന്ന് സെക്ടർ 47ലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടുകയായിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച ആറ് കാറുകളും പൊലീസ് കണ്ടെത്തി.
പിടിയിലായവരിൽ രവിയും വിപിനും നിരവധി കേസുകളിൽ പ്രതിയാണ്. മാസത്തിൽ 10 കാറുകളെങ്കിലും തങ്ങൾ മോഷ്ടിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന് സമീപം തങ്ങളുടെ വാഹനം കൊണ്ടു ചെന്ന് നിർത്തുന്ന ഇവർ മിനുട്ടുകൾക്കുള്ളിൽ വാഹനവുമായി കടക്കും.
വിപണിയിലെ ഏറ്റവും പുതിയ മോഡൽ കാറുകളാണ് സാധാരണയായി മോഷ്ടിക്കാറുള്ളത്. മോഷ്ടിക്കുന്നവ വില കുറച്ച് അസം സ്വദേശി റഹ്മാന് കൈമാറും. തുടർന്ന് എഞ്ചിൻ മാറ്റം വരുത്തിയും വ്യാജ രജിസ്ട്രേഷൻ ഉണ്ടാക്കിയും വിൽക്കുമെന്നും പൊലീസ് പറഞ്ഞു. മോഷണ രീതി പൊലീസിന് പ്രതികൾ വിവരിച്ചു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
