ഹിന്ദുവും വയറും ഒഴിവാക്കണം; വാർത്തകളിൽ അസത്യം കലർത്തണം -കേന്ദ്ര മന്ത്രിമാർ തയാറാക്കിയ റിപ്പോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: മാധ്യമങ്ങളെ ഉപയോഗിച്ച് മോദി സർക്കാറിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ഒമ്പതംഗ മന്ത്രിതല സമിതിയുടെ റിപ്പോർട്ട് പുറത്ത്. സർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കണമെന്നും സ്തുതിപാഠകരായ മാധ്യമങ്ങളെ പ്രോത്സാഹിപ്പക്കണമെന്നും നിർദേശിക്കുന്ന റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. രവിശങ്കര്‍പ്രസാദ്, സ്‌മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കര്‍, പി. ജയശങ്കര്‍, മുഖ്‌താര്‍ അബ്ബാസ് നഖ്വി, കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, അനുരാഗ് ഠാക്കൂര്‍, ബാബുല്‍ സുപ്രിയോ എന്നീ കേന്ദ്ര മന്ത്രിമാരാണ് സമിതിയിൽ ഉണ്ടായിരുന്നത്.
കാരവൻ വെബ്പോർട്ടലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 97 പേജുള്ള റിപ്പോർട്ടിനെ കുറിച്ച് 2020 ഡിസംബറിൽ ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകിയിരുന്നു.
സർക്കാറിനെ പിന്താങ്ങുന്ന മാധ്യമപ്രവർത്തകരെയും അല്ലാത്തവരെയും തിരിച്ചറിയാൻ മൂന്ന് കളർകോഡ് നൽകണമെന്ന് നിർദേശത്തിലുണ്ട്. പിന്തുണക്കുന്നവർക്ക് വെള്ള നിറം, എതിർക്കുന്നവർക്ക് കറുപ്പ് നിറം, രണ്ടിനുമിടയിലുള്ളവര്‍ക്ക് പച്ച നിറം എന്നിവ നൽകണമെന്നാണ് പ്രതിരോധ വിദഗ്‌ധനും മാധ്യമപ്രവർത്തകനുമായ നിഥിന്‍ ഗോഖലേ അഭിപ്രായപ്പെട്ടത്.
വയര്‍, പ്രിന്‍റ്, സ്‌ക്രോള്‍, ഹിന്ദു എന്നീ വാർത്താ പോർട്ടലുകളുടെ വാര്‍ത്തകളെയാണ് ഗൂഗ്‌ള്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഇവരെയാണ് വിദേശമാധ്യമങ്ങളും ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പ്രത്യേകം ചര്‍ച്ച നടത്തണം. ആള്‍ട്ട് ന്യൂസ് എന്ന വാർത്താ പോർട്ടൽ വലിയ ഉപദ്രവമാണ്. വിക്കിപീഡിയ എഡിറ്റ് ചെയ്‌ത് ചരിത്രം പുനര്‍രചിക്കുന്നുണ്ട്. വ്യക്തമായ പക്ഷപാതം അതിലുണ്ട്. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ വേണം.
സർക്കാറിന് അനുകൂലമായ തരംഗം സൃഷ്ടിക്കാൻ ദേശീയ, അന്തർദേശീയ, പ്രാദേശിക ഭാഷ മാധ്യമങ്ങളെ ഉപയോഗിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇതിനായി സർക്കാർ അനുകൂലികളും പ്രതികൂലികളുമായ മാധ്യമപ്രവർത്തകരെ തരംതിരിച്ച് കണ്ടെത്തണമെന്നും ഇവർ പറയുന്നു. ഇന്നത്തെ മാധ്യമവിദ്യാർഥികളാണ് നാളത്തെ മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ട് മാധ്യമപഠന കേന്ദ്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക.
പ്രമുഖ മാധ്യമപ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിതല സമിതി റിപ്പോർട്ട് തയാറാക്കിയത്. എസ്. ഗുരുമൂര്‍ത്തി (ആര്‍.എസ്.എസ് സൈദ്ധാന്തികന്‍), സ്വപന്‍ ദാസ്‌ഗുപ്‌ത (മാധ്യമപ്രവര്‍ത്തകന്‍, രാജ്യസഭാംഗം), കാഞ്ചന്‍ ഗുപ്‌ത- (മാധ്യമപ്രവര്‍ത്തകന്‍), നിഥിന്‍ ഗോഖലേ (മാധ്യമപ്രവര്‍ത്തകന്‍, പ്രതിരോധ വിദഗ്‌ധന്‍), ശേഖര്‍ അയ്യര്‍- (മാധ്യമപ്രവര്‍ത്തകന്‍), എ സൂര്യപ്രകാശ് (പ്രസാര്‍ ഭാരതി അധ്യക്ഷന്‍), അശോക് ടാണ്‌ഠന്‍ (പ്രസാര്‍ ഭാരതി ബോര്‍ഡംഗം), അശോക് മാലിക് (വിദേശകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി, ഉപദേശകൻ), ശശി ശേഖര്‍ വെമ്പാട്ടി (സി.ഇ.ഒ പ്രസാര്‍ ഭാരതി), ആനന്ദ് രംഗനാഥന്‍ (കണ്‍സള്‍ട്ടിങ് എഡിറ്റര്‍, സ്വരാജ്യ), ആനന്ദ് വിജയ് (കോളമിസ്‌റ്റ്), സുനില്‍ രാമന്‍, നൂപുര്‍ ശര്‍മ (ബി.ജെ.പി വക്താവ്) തുടങ്ങിയവരിൽനിന്നാണ് സമിതി അഭിപ്രായങ്ങൾ ആരാഞ്ഞത്. കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
റിപ്പോർട്ടിലെ മറ്റുപ്രധാന നിർദേശങ്ങൾ:
കാര്യങ്ങളെ വളച്ചൊടിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി ഉപയോഗിപ്പെടുത്തണം. മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തണം. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് വിവിധ മന്ത്രാലയങ്ങളുടെ പദ്ധതി പ്രചാരണം നടത്തണം.
വാര്‍ത്തകളില്‍ സത്യവും അസത്യവും കലര്‍ത്തണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി സമിതിയോട് നിർദേശിച്ചു. മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാൻ രഹസ്യ വിവരങ്ങള്‍ നല്‍കണമെന്ന് രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ സ്വപന്‍ ദാസ്‌ഗുപ്‌ത അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ചർച്ചകളിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.
മോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് മാധ്യമങ്ങളുമായി അടുപ്പമുള്ള മന്ത്രിമാർ വിവരങ്ങൾ നൽകണം. പത്രക്കുറിപ്പുകൾ എല്ലാ പ്രധാന ഭാഷകളിലും പുറപ്പെടുവിക്കണം. വിദേശ മാധ്യമങ്ങളുമായി ആശയവിനിമയത്തിന് യോഗ്യരായ ആളുകളെ നിയോഗിക്കണം.
പ്രതിസന്ധിയിലുള്ള മാധ്യമങ്ങളെ സഹായിക്കണം. ദൂരദര്‍ശനെ ഉപയോഗിച്ച് സര്‍ക്കാര്‍ ഭാഷ്യം വരുന്ന വാർത്തകള്‍ ചെയ്യണം. വാട്‌സാപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ രൂപീകരിക്കണം. ഓണ്‍ലൈന്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പഠിക്കണം. ആഗോള വാര്‍ത്തകളുള്ള സ്വന്തം ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടാക്കണം.
ജില്ലാ തലത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയണം. കപട-മതേതരവാദികളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ സർവ ശക്തിയുമുപയോഗിച്ച് അവരെ ഒതുക്കണം. പാര്‍ട്ടി വക്താക്കളെയും സര്‍ക്കാര്‍ വക്താക്കളെയും പരിശീലിപ്പിക്കണം.
വ്യത്യസ്‌ത വിഷയങ്ങള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങണം. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അല്ലാത്ത സമയങ്ങളില്‍ ഇതുചെയ്യണം. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പത്രങ്ങളില്‍ ലേഖനമെഴുതരുത്. അത് പ്രോപഗന്‍ഡയാണെന്ന് കരുതി ആരും വായിക്കില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ് വിദേശ മാധ്യമങ്ങള്‍ക്ക് സ്വീകാര്യത കൊടുക്കുന്നത്. അത്തരം വാര്‍ത്തകളില്‍ പ്രിന്‍റ്, വയര്‍ പോലുളളവരെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് രണ്ടും പരിഹരിക്കണം. വിദേശ കാര്യം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളിൽ വാര്‍ത്തകളുടെ ദിശ നിർണയിക്കാൻ കഴിയുന്നവരുടെ ടീം സൃഷ്ടിക്കണം. അതിനായി മന്ത്രിമാര്‍, ഉപദേശകര്‍, വിധഗ്ദർ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കണം.
ഗൂഗിളിനെ ഒഴിവാക്കി ഇന്‍സ്റ്റഗ്രാം കൂടുതല്‍ ഉപയോഗിക്കണം. പാശ്ചാത്യ മാധ്യമങ്ങളുമായി കൂടുതല്‍ ബന്ധം വേണം. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം വിദേശ പണം വരുന്നു. അത് ദേശീയതയെയും ഭാരതീയ സംസ്‌കാരത്തെയും ദുര്‍ബലമാക്കുന്നു.
തീവ്ര സംഘ് പരിവാർ മാധ്യമമായ ഓപ് ഇന്ത്യയെ സഹായിക്കണം. അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യണം.
മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപടെല്‍ വര്‍ധിപ്പിക്കുക, പ്രാദേശിക ഭാഷകളിലെ സര്‍ക്കാര്‍ അനുകൂലികളായ എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുക, യുവാക്കളായ പ്രഫഷനലുകളെ മന്ത്രാലയങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ നിയമിക്കുക, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റില്‍ പാര്‍ട്ടിയും സര്‍ക്കാരും ഏകോപനം സാധ്യമാക്കുക, വികസനം നടന്ന പ്രദേശങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ടൂര്‍ സംഘടിപ്പിക്കുക, വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധമുണ്ടാക്കുക.
മന്ത്രി സഭ തീരുമാനങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ചകളിൽ കേന്ദ്രസർക്കാർ വാർത്താസമ്മേളനം നടത്തിയാൽ, വ്യാഴാഴ്ച സംസ്ഥാന തലത്തിലും വെള്ളിയാഴ്ച ജില്ലാ പ്രസിഡന്‍റുമാരും അനുബന്ധ വാർത്താസമ്മേളനം നടത്തണം. ശനി, ഞായർ ദിവസങ്ങളിൽ പാർട്ടി എം.പിമാരും എം.എൽ.എമാരും ജന സമ്പർക്ക പരിപാടി സംഘടിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇതിലൂടെ സർക്കാർ തീരുമാനങ്ങളും സംരംഭങ്ങളും താളെ തട്ടിൽ എത്തുമെന്ന് ഉറപ്പാക്കാം. ഇങ്ങനെ ചെയ്താൽ മുഴുവൻ പാർട്ടി സംവിധാനവും ജനപ്രതിനിധികളും ആളുകളുമായി സജീവ സമ്പർക്കം പുലർത്തുമെന്നും മന്ത്രമാരുടെ സംഘം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

