കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിൻെറ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസിൻെറ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു.
ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിൻെറ നടപടി. പാസ്പോർട്ട് റദ്ദാക്കിയതോടെ ഫൈസൽ ഫരീദിന് യു.എ.ഇയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടാകും. യു.എ.ഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും അടയും.
കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നു. ഫൈസൽ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.