കോടികളുടെ സ്വർണക്കടത്ത്: പ്രതിയായ നടിയുടെ ജുഡീഷ്യൽ കസ്റ്റഡി 21 വരെ നീട്ടി
text_fieldsരന്യറാവു
ബംഗളൂരു: ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് 12.56 കോടി രൂപയുടെ സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു, വ്യവസായി തരുൺ രാജു, ആഭരണ വ്യാപാരി സാഹിൽ ജെയിൻ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 21 വരെ ബംഗളൂരു കോടതി നീട്ടി. കഴിഞ്ഞ മാസം മൂന്നിന് ദുബൈയിൽ നിന്ന് കടത്തിയതായി ആരോപിക്കപ്പെടുന്ന 14.8 കിലോഗ്രാം സ്വർണ്ണവുമായി ഹർഷവർധനി രന്യ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായതോടെയാണ് കേസ് വെളിച്ചത്തുവന്നത്. തുടർന്നുള്ള അന്വേഷണത്തിൽ 2023 നും 2025 നും ഇടയിൽ ദുബായിലേക്ക് 45 തവണ രന്യ ഒറ്റക്ക് യാത്ര ചെയ്തതായി കണ്ടെത്തി, ഇത് വിശാലമായ കള്ളക്കടത്ത് ശൃംഖലയിൽ അവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിലേക്ക് നയിച്ചു.
കൂടുതൽ പരിശോധനയിൽ നടനും ബിസിനസുകാരനുമായ തരുൺ രാജുവുമായി ചേർന്ന് 2023-ൽ സ്ഥാപിച്ച ദുബായ് ആസ്ഥാനമായുള്ള വിര ഡയമണ്ട്സ് ട്രേഡിംഗുമായുള്ള അവരുടെ ബന്ധം കണ്ടെത്തി. കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് ഈ കമ്പനിയെ ഉപയോഗിച്ചതായി അധികൃതർ ആരോപിക്കുന്നു. ദുബൈയിൽ സ്വർണം വാങ്ങുന്നതിലും ഇന്ത്യയിലേക്കുള്ള അനധികൃത കടത്തിന് സൗകര്യമൊരുക്കുന്നതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിരാട് കൊണ്ടൂരു എന്നറിയപ്പെടുന്ന രാജുവിനെ അറസ്റ്റ് ചെയ്തത്.
40 കോടിയിലധികം വിലമതിക്കുന്ന ഏകദേശം 49 കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം വിൽക്കാൻ രന്യയെ സഹായിച്ചതായി സംശയിക്കുന്ന സ്വർണ വ്യാപാരി സാഹിൽ ജെയിനും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ജെയിൻ ഹവാല ഇടപാടുകൾ നടത്തിയതായും ദുബൈയിലേക്ക് വൻ തുക കൈമാറിയതായും ഇടപാടുകളിൽ കമീഷൻ സ്വീകരിച്ചതായും ആരോപിക്കപ്പെടുന്നു.
രാജുവിനെ കള്ളക്കടത്ത് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഹാജരാക്കിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഗുരുതരമായ സ്വഭാവം ചൂണ്ടിക്കാട്ടി കോടതി മുമ്പ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

