മുംബൈ വിമാനത്താവളത്തിൽ ലഗേജുകളിൽ നിന്ന് സ്വർണ്ണവും പണവും ഫോണുകളും കാണാതാകുന്നു; യാത്രക്കാർ പ്രതിസന്ധിയിൽ
text_fieldsമുംബൈ: മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ലഗേജുകളിൽ നിന്ന് സ്വർണാഭരണങ്ങൾ, പണം, മൊബൈൽ ഫോണുകൾ, എന്തിന് ബാഗുകൾ തന്നെ പൂർണമായി കാണാതാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് പല യാത്രക്കാരും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത് കുറ്റവാളികളെ കണ്ടെത്താൻ പൊലീസിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ലഗേജ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചക്കും കൃത്യമായ പിന്തുണ നൽകാത്തതിനും എയർലൈൻ കമ്പനികളും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.
യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി ഏറെ വൈകിയാണ് നഷ്ടം തിരിച്ചറിയുന്നത്. ബാഗുകൾ ചെക്ക്-ഇൻ ചെയ്യുമ്പോഴും സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമ്പോഴും സോർട്ടിങിനും ലോഡിങിനുമിടയിലും ഒട്ടേറെ കൈകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ മോഷണം എവിടെയാണ് നടന്നതെന്നോ ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നോ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്.
ചെന്നൈയിലേക്ക് യാത്ര ചെയ്ത 36 കാരിയായ സ്ത്രീയുടെ ലഗേജിൽ നിന്ന് രണ്ട് സ്വർണ്ണ കമ്മലുകളും ഒരു സ്വർണ്ണ മോതിരവും വെള്ളി കൊലുസ്സും കാണാതാവുകയും അയർലൻഡിൽ നിന്നുള്ള 19 കാരിയായ മെഡിക്കൽ വിദ്യാർഥിനിയുടെ തുണികളും കോസ്മെറ്റിക് വസ്തുക്കളും അടങ്ങിയ ബാഗ് നഷ്ടപ്പെടുകയും ചെയ്തത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോണുകൾ പിന്നീട് അനധികൃത ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വ്യവസായികൾ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, മുതിർന്ന പൗരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള യാത്രക്കാരാണ് ഇത്തരം ദുരനുഭവങ്ങൾക്ക് ഇരയായിട്ടുള്ളത്. ലഗേജുകൾ സുരക്ഷിതമായി കൺവെയർ ബെൽറ്റിൽ എത്തിക്കുന്നതിലോ കേടുപാടുകൾ പരിഹരിക്കുന്നതിലോ കൃത്യമായ സംവിധാനങ്ങളില്ലാത്ത എയർലൈനുകൾ യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നില്ലെന്നും മുംബൈ നോർത്ത് സെൻട്രൽ ഡിസ്ട്രിക്റ്റ് ഫോറം പ്രതിനിധി ഉറിച്ച് കാമത്ത് കുറ്റപ്പെടുത്തുന്നു. യാത്രക്കാർ തങ്ങളുടെ ലഗേജുകളുടെ സുരക്ഷയെക്കുറിച്ചും എയർലൈനുകളുടെ സഹകരണമില്ലായ്മയെക്കുറിച്ചും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

