മുംബൈ: 11,400 കോടി രൂപ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയെ ഏഴു വര്‍ഷം ഒരേ ശാഖയിൽ ജോലിചെയ്യാൻ അനുവദിച്ചത് ദുരൂഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 2013ലും 2015ലും സ്ഥലമാറ്റം തടഞ്ഞാണ് ഷെട്ടിയെ നിലനിര്‍ത്തിയത്.
ക്ലര്‍ക്ക് തസ്തികയില്‍നിന്ന് 1986ല്‍ മാനേജര്‍ പദവിയിലേക്ക് ഉയര്‍ന്ന ഷെട്ടിക്ക് പിന്നീട് സ്ഥാനക്കയറ്റം ഉണ്ടായിട്ടുമില്ല. 36 വര്‍ഷത്തെ സര്‍വിസില്‍ ഒരു സ്ഥാനക്കയറ്റം മാത്രമെന്നതും ദുരൂഹതയാണ്. ഗോകുല്നാഥിെൻറ നിര്‍ദേശാനുസരണം നീരവ് മോദിയുടെ കമ്പനികള്‍ക്ക് ഒത്താശ ചെയ്തയാളാണ് മനോജ് ഖറാത്ത്.
നീരവ് മോദിയുടെ കമ്പനികള്‍ പണം തട്ടിയ രീതി വ്യക്തമായിട്ടില്ലെന്നും പ്രധാന രേഖകള്‍ കണ്ടെത്താനുണ്ടെന്നും പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സി.ബി.ഐ പറഞ്ഞു. നീരവ് മോദിയുടെ കമ്പനികളുടെ പ്രതിനിധി ഹേമന്ത് ഭട്ട് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും സി.ബി.െഎ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഗോകുല്‍നാഥ് ഷെട്ടി വിരമിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. പകരക്കാരനായ ഉദ്യോഗസ്ഥന് നൂറുശതമാനം ഈടില്ലാതെ ജാമ്യപത്രം നല്‍കില്ലെന്ന് ശഠിക്കുകയായിരുന്നു. മുമ്പ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണമുണ്ടായത്.
280 കോടി തട്ടിപ്പിനെതിരെ പി.എന്‍.ബി സി.ബി.ഐക്ക് പരാതിയും നല്കി. ഇത് 280 കോടിയല്ല 6000 കോടിയാണെന്ന് സി.ബി.ഐ പറയുന്നു. തട്ടിയ പണം അലഹബാദ് ബാങ്കിെൻറ ഹോങ്കോങ് ശാഖ വഴി നികുതി രഹിത രാജ്യങ്ങളിലേക്ക് കടത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.