ബംഗളൂരു: ബാധ ഒഴിപ്പിച്ചുനൽകാമെന്ന് മാതാപിതാക്കളോട് പറഞ്ഞ് മൂന്നു വയസ്സുകാരിയെ ആൾദൈവം എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് അടിച്ചുകൊന്നു. കർണാടക ചിത്രദുർഗയിലെ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദുർമന്ത്രവാദത്തിെൻറ മറവിൽ മൂന്നു വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടത്.
ചായക്കട നടത്തുന്ന പവീെൻറയും ബേബിയുടെയും മകൾ പൂർവികയാണ് മരിച്ചത്. സംഭവത്തിൽ പ്രദേശത്ത് ദുർമന്ത്രവാദം നടത്തിയിരുന്ന രാകേഷ് (21), സഹോദരൻ പുരുഷോത്തം (19) എന്നിവർ പിടിയിലായി.
രാത്രിയിൽ സ്വപ്നം കണ്ട് പൂർവിക കരയാൻ തുടങ്ങിയതോടെ ബാധകൂടിയതാകാമെന്നു തെറ്റിദ്ധരിച്ചാണ് മാതാപിതാക്കൾ പുരുഷോത്തമിെൻറ അടുത്തെത്തിച്ചത്. ബാധ ഒഴിപ്പിച്ചുനൽകാമെന്നു പറഞ്ഞ് പുരുഷോത്തം കുട്ടിയെയും മാതാപിതാക്കളെയും രാകേഷിെൻറ അടുത്തെത്തിച്ചു. യെല്ലമ്മ ദേവിയുടെ ആത്മാവ് തന്നിൽ കുടിയേറിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് നഗരത്തിനോടു ചേർന്ന സ്ഥലത്തെ കുടിലിൽ രാകേഷ് കഴിഞ്ഞിരുന്നത്.
മാതാപിതാക്കളെ കുടിലിനകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ കുട്ടിയെ പുരുഷോത്തം ആണ് കൊണ്ടുപോയത്. ബാധയൊഴിപ്പിക്കാനെന്ന പേരിൽ രാകേഷ് ഒരു മണിക്കൂറോളം കുട്ടിയെ വടികൊണ്ട് അടിച്ചു. കുട്ടി ബോധംകെട്ടത് കണ്ടതോടെ ബാധ പോയെന്നുപറഞ്ഞ് മാതാപിതാക്കൾക്ക് കൈമാറി. വീട്ടിലെത്തിയാൽ ബോധം വരുമെന്നും അറിയിച്ചു. വീട്ടിലെത്തിയിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഇതിനിടയിൽ രാകേഷും പുരുഷോത്തമും കുടുംബസമേതം രക്ഷപ്പെട്ടിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ചിക്കജ്ജൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിനും ദുർമന്ത്രവാദത്തിനുമാണ് കേസെടുത്തത്.